- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെലങ്കാനയിൽ മല്ലു ബട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയാകും; മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
ഹൈദരബാദ്: തെലങ്കാനയിൽ കഴിഞ്ഞ നിയമസഭയിലെ കോൺഗ്രസിന്റെ കക്ഷി നേതാവും പ്രമുഖ ദളിത് നേതാവുമായ മല്ലു ബട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയാകും. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. തെലങ്കാന സംസ്ഥാന രൂപവത്കരിച്ച ശേഷം കോൺഗ്രസിന്റെ ആദ്യ മുഖ്യമന്ത്രിയായാണ് രേവന്ത് റെഡ്ഡി ചുമതലയേൽക്കുന്നത്.
മുൻ പിസിസി അധ്യക്ഷൻ എൻ ഉത്തം കുമാർ റെഡ്ഡി, കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി, പൊന്നം പ്രഭാകർ, ദാസരി അനസൂയ, ദാമോദർ രാജ നരസിംഹ, ഡി ശ്രീധർ ബാബു, തുമ്മല നാഗേശ്വര റാവു, പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, കൊണ്ട സുരേഖ, ജുപ്പള്ളി കൃഷ്ണറാവു എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക.
ഹെദരാബാദിലെ ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ഒന്നരലക്ഷത്തിലധികം കോൺഗ്രസ് പ്രവർത്തകർ സാക്ഷിയാകുമെന്നാണ് പ്രതീക്ഷ. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആർഎസ്) കോൺഗ്രസ് അധികാരം പിടിച്ചെടുത്തിരുന്നു. ആകെയുള്ള 119 സീറ്റിൽ 64ലും കോൺഗ്രസാണ് വിജയിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പാർലമെന്ററി പാർട്ടി (സിപിപി) അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെയുള്ള പാർട്ടി നേതാക്കൾ ചടങ്ങിനെത്തുമെന്നാണ് വിവരം. പ്രതിപക്ഷ മുന്നണിയായ ഇന്ത്യയിൽ നിന്നുള്ള ചില നേതാക്കളും പരിപാടിയിൽ പങ്കെടുത്തേക്കും.
രേവന്ത് റെഡ്ഡിയെ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി (സിഎൽപി) നേതാവായും തെലങ്കാനയിലെ അടുത്ത മുഖ്യമന്ത്രിയായും കോൺഗ്രസ് നേതൃത്വം ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. തെലങ്കാനയിലെ ചരിത്ര ജയത്തിന് പിന്നിൽ കോൺഗ്രസ് പാർട്ടിയുടെ മുഖമായിരുന്ന റെഡ്ഡിയായിരുന്നു. റെഡ്ഡിയുടെ ആക്രമണാത്മക പ്രചാരണ തന്ത്രങ്ങളും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും അദ്ദേഹത്തെ ജനക്കൂട്ടത്തിന്റെ പ്രിയങ്കരനാക്കി. ഇതാണ് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തതെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചതെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.