ഭുവനേശ്വർ: ഒഡീഷയിൽ ഒഡീഷയിൽ മദ്യ കമ്പനി ഉടമകളുടെ വീട്ടിലടക്കം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികളുടെ കള്ളപ്പണം കണ്ടെത്തി. ഇരുവരെ 200 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. പണം എണ്ണുന്നതിനിടെ നോട്ടെണ്ണൽ യന്ത്രം പണിമുടക്കി. സംസ്ഥാനത്തെ വിവിധ മദ്യ നിർമ്മാണ, വിൽപന സ്ഥാപനങ്ങളിലും അവയുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.

ഒഡിഷയിലെ ആറോളം കേന്ദ്രങ്ങളിൽ ഇന്നലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രമുഖ മദ്യ നിർമ്മാണ സ്ഥാപനങ്ങളായ ശിവ് ഗംഗ ആൻഡ് കമ്പനി, ബൗധ് ഡിസ്റ്റിലറി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധനകൾ തുടരുന്നത്. മദ്യ വിൽപനയുടെ യഥാർത്ഥ കണക്കുകൾ മറച്ചുവെയ്ക്കുകയും വ്യാജ രേഖകൾ തയ്യാറാക്കി നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്നുവെന്ന് കാണിച്ച് അദായ നികുതി വകുപ്പിന് ലഭിച്ച പരാതിയിന്മേലാണ് നടപടി. മദ്യ വിൽപനയുടെ നല്ലൊരു ഭാഗം കണക്കുകളിൽ ഉൾക്കൊള്ളിക്കാതെ കമ്പനികൾ വൻ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

2019 മുതൽ 2021വരെയുള്ള കാലായളവിൽ ലാഭം കുറച്ച് കാണിക്കുകയും അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള ചെലവുകൾ പെരുപ്പിക്കുകയും ചെയ്തു. കമ്പനി ഉടമകളുടെ വീടുകളിൽ നടത്തിയ റെയ്ജുകളിലാണ് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കണ്ടെത്തിയത്.