ലഖ്‌നോ: ഇന്ത്യയിൽ കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ. ഉത്തർപ്രദേശിൽ താമസിച്ചിരുന്ന അനിത ദേവി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ബംഗ്ലാദേശ് സന്ദർശിക്കാൻ അനിത ദേവി പാസ്പോർട്ട് തേടിപ്പോഴാണ് വിവരം പുറത്തറിയുന്നത്.

അപേക്ഷാഫോമിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് പൗരത്വത്തെ പറ്റി സംശയമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. അനിത ദേവിയുടെ യഥാർഥ പേര് അനിത ദാസ് എന്നാണെന്നും ബംഗ്ലാദേശിലെ ജെസ്സോർ ജില്ലയിലെ നരേൻപൂർ നസ്റാൻ ആണ് ജന്മദേശമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അനിതയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണോ അതോ നിയമ വിരുദ്ധമോ ദേശവിരുദ്ധമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെങ്കിൽ ഇന്ത്യയിൽ തുടരാൻ അനുവദിക്കണോ എന്നതിൽ അന്വേഷണത്തിന് ശേഷം തീരുമാനം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

1988ൽ 20 വയസുള്ളപ്പോൾ മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ വീട്ടുജോലിക്കായാണ് അനിത അതിർത്തി കടന്ന് ഇന്ത്യയിൽ എത്തുന്നത്. 30 വർഷം മുമ്പ് മംഗൾ സെൻ എന്നയാളുമായി പ്രണയത്തിലാകുകയും വിവാഹത്തിന് ശേഷം ഉത്തർപ്രദേശിൽ സ്ഥിരതാമസമാക്കുകയുമായിരുന്നു.