ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കാലെടുത്തുവെക്കുംമുമ്പ് വാക്ക് പാലിച്ച് രേവന്ദ് റെഡ്ഡി. തന്റെ ആദ്യ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി. ജനങ്ങളുടെ യാത്രയ്ക്ക് തടസ്സമായിരുന്ന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ ഉരുക്ക് ബാരിക്കേഡുകൾ പൊളിച്ചുനീക്കി. വർഷങ്ങളായി കാൽനട യാത്രികരെയടക്കം ബുദ്ധിമുട്ടിലാക്കിയിരുന്ന ഈ ബാരിക്കേഡുകൾ പൊളിച്ചുനീക്കുമെന്നത് രേവന്ദ് റെഡ്ഡിയുടേയും കോൺഗ്രസിന്റേയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.

പത്ത് വർഷത്തോളമായി ചന്ദ്രശേഖര റാവു കോട്ടപോലെ കാത്തിരുന്ന ഹൈദരാബാദിലെ പ്രഗതി ഭവനിലെ ബാരിക്കേഡാണ് പൊളിച്ചുനീക്കിയത്. പ്രഗതി ഭവന്റെ പേര് മാറ്റി ഡോ. ബാബാസാഹെബ് അംബേദ്കർ പ്രജാ ഭവൻ എന്നാക്കി മാറ്റുമെന്നും രേവന്ദ് റെഡ്ഡി പറഞ്ഞിട്ടുണ്ട്.

എൽ.ബി. സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾത്തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലും പൊളിക്കൽ നടപടികൾ ആരംഭിച്ചിരുന്നു. ജാക്ക്ഹാമർ, ഗ്യാസ് കട്ടറുകൾ, മൂന്ന് മണ്ണുമാന്തി യന്ത്രങ്ങൾ, ഒരു ക്രെയിൻ എന്നിവ ഉപയോഗിച്ച് 65-ഓളം തൊഴിലാളികൾ 8.2 മീറ്റർ വീതിയും 97.9 മീറ്റർ നീളവുമുള്ള ബാരിക്കേഡുകൾ പൊളിച്ചടുക്കി. ബാരിക്കേഡുകൾ പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ പകർത്തിയെടുക്കുന്നതിനൊപ്പം കോൺഗ്രസ് പ്രവർത്തകർ ചുറ്റുംനിന്ന് ആഹ്ലാദാരവം മുഴക്കുകയും ചെയ്തു.

ചന്ദ്രശേഖര റാവുവിനെ നീക്കി രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി രേവന്ദ് റെഡ്ഡി വ്യാഴാഴ്ച ഉച്ചയോടെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒമ്പത് വർഷം മുമ്പാണ് ഇവിടെ ബാരിക്കേഡുകൾ ഉയർന്നത്. പിന്നീട് ഉയരം കൂട്ടി. ബാരിക്കേഡുള്ള സ്ഥലത്ത് നടപ്പാതയുണ്ടെങ്കിലും കാൽനടയാത്രക്കാർക്ക് അനുവദിച്ചിരുന്നത് പരിമിതമായ സ്ഥലമായിരുന്നു.

ബീഗംപേട്ടിലെ തിരക്കേറിയ റോഡിന്റെ ഒരു ഭാഗം കൈയടക്കിവെച്ചിരിക്കുന്ന കൂറ്റൻ ബാരിക്കേഡുകൾ വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയിരുന്നു. ജനങ്ങൾക്കും സർക്കാരിനുമിടയിലുള്ള തടസ്സങ്ങൾ നീക്കാനുള്ള ആദ്യപടിയെന്നു വിശേഷിപ്പിച്ചാണ് കോൺഗ്രസ് സർക്കാർ ഇത് പൊളിക്കുന്നത്.