ഡൽഹി: ബി എസ് പിയിലെ തന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് പാർട്ടി മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. തന്റെ അനന്തരവനായ ആകാശ് ആനന്ദയാരിക്കും ബി എസ് പിയിലെ തന്റെ പിന്തുടർച്ചക്കാരനെന്നാണ് മായാവതി പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ലഖ്നൗവിൽ നടന്ന പാർട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

മറ്റ് പല മുതിർന്ന നേതാക്കളും മറികടന്നാണ് 28 കാരനായ ആകാശ് ആനന്ദിന്റെ കൈകളിലേക്ക് മായാവതി ബി എസ് പിയുടെ അധികാരം കൈമാറുന്നത്. 2016ൽ ബിഎസ്‌പിയിൽ ചേർന്ന ആനന്ദ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താരപ്രചാരകരുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. അതേസമയം തന്നെ പാർട്ടി പ്രവർത്തകർക്കിടയിൽ അദ്ദേഹം അത്ര സ്വീകാര്യനുമല്ല. മുതിർന്ന നേതാക്കളെ അവഗണിച്ചതിൽ അണികൾക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ബിഎസ് പി എംപി ഡാനിഷ് അലിയെ പാർട്ടി സസ്‌പെൻഡ് ചെയ്തിന് പിന്നാലെയാണ് മായാവതി തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് പാർലമെന്റിലെ ശ്രദ്ധേയമുഖമായ ഡാനിഷ് അലിക്കെതിരെ നടപടിയെടുത്തത്. അച്ചടക്കം ലംഘിക്കുന്നതിന് പല കുറി താക്കീത് നൽകിയിരുന്നെന്നും, എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനം തുടർച്ചയായി നടത്തുന്നതിനാലാണ് സസ്‌പെൻഷനെന്നും ബിഎസ്‌പി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. പാർലമെന്റിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്ക്ക് ഡാനിഷ് അലി പലപ്പോഴും പിന്തുണ നൽകാറുണ്ടായിരുന്നു. മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടിയിൽ പ്ലക്കാർഡ് കഴുത്തിൽ തൂക്കി എത്തിക്‌സ് കമ്മിറ്റി അംഗം കൂടിയായ ഡാനിഷ് അലി പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ വർഷം മുതൽ പാർട്ടി കാര്യങ്ങളുടെ ചുമതല വഹിച്ച് വരികയായിരുന്നു ആകാശ് ആനന്ദെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബി എസ് പി രാഷ്ട്രീയത്തിൽ അത്ര സജീവമല്ലാതിരുന്ന വ്യക്തിയാണ് ആകാശ് ആനന്ദ്. 2022-ൽ രാജസ്ഥാനിലെ അജ്മീറിൽ നടത്തിയ പദയാത്രയിലും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ചർച്ചകളിലും മാത്രമായിരുന്നു ഇതിന് മുമ്പ് അദ്ദേഹം സജീവമായിരുന്നത്.

2018ൽ ബിഎസ്‌പി ആറ് സീറ്റുകൾ നേടിയ രാജസ്ഥാനിൽ ബിഎസ്‌പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും  ആനന്ദിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മായാവതിയുടെ പ്രഖ്യാപനം രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്. ഡോ ബി.ആർ. അംബേദ്കറുടെ ജന്മദിനത്തിൽ അൽവാറിൽ നടന്ന 13 കിലോമീറ്റർ 'സ്വാഭിമാൻ സങ്കൽപ് യാത്ര'യിലും അദ്ദേഹം പങ്കെടുത്തിരുന്നു.