റായ്പുർ: വിവാഹച്ചടങ്ങിനുശേഷം മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ വധൂവരന്മാർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഛത്തീസ്‌ഗഢിലെ ജാഞ്ജീർ-ചമ്പ ജില്ലയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. വധൂവരന്മാരും കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുമാണ് മരിച്ചത്.

ശിവ്രിനാരായൺ പട്ടണത്തിൽ ശനിയാഴ്ച രാത്രി നടന്ന വിവാഹച്ചടങ്ങിനുശേഷം പുലർച്ചെ മടങ്ങുകയായിരുന്നു സംഘം. ബലോദയിലുള്ള ശുഭം സോണി എന്ന യുവാവും ശിവ്രിനാരായൺ സ്വദേശിനിയുമാണ് വിവാഹിതരായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എതിർവശത്തുനിന്നു വന്ന ട്രക്കുമായാണ് കാർ കൂട്ടിയിടിച്ചത്.

വധു ഉൾപ്പെടെ നാല് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനുകീഴടങ്ങി. കാർ ഓടിച്ചിരുന്ന വരന്റെ അച്ഛൻ ഓംപ്രകാശ് സോണിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

അപകടത്തെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിനുശേഷം ട്രക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടെൈ ഡ്രവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.