ഹൈദരാബാദ്: വീണ് പരിക്കേറ്റ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ബി.ആർ.എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിനെ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സന്ദർശിച്ചു.

വ്യാഴാഴ്ച രാത്രി ഫാം ഹൗസിൽ കാൽ വഴുതി വീണതിനെ തുടർന്നായിരുന്നു കെ.സി.ആറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഇടുപ്പെല്ലിനാണ് പരിക്കേറ്റത്. ആശുപത്രിയിൽ വെച്ച് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

ഡിസംബർ 8ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രേവന്ത് റെഡ്ഡി ആശുപത്രിയിൽ വച്ച് കെ.സി.ആറിന്റെ കുടുംബത്തോട് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കി. കെ.സി.ആറുമായും അദ്ദേഹം സംസാരിച്ചു. അതിന്റെ വിഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ പങ്കുവെച്ചിട്ടുണ്ട്.

കെ.സി.ആറിന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും സഹകരണവും നൽകാൻ ചീഫ് സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് രേവന്ത് റെഡ്ഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു,

'വേഗം സുഖം പ്രാപിക്കണമെന്നും ജനങ്ങളുടെ ആശങ്കകൾ അറിയിക്കാൻ തെലങ്കാന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും ഞാൻ അദ്ദേഹത്തോട് (കെസിആർ) അഭ്യർത്ഥിച്ചു. ജനങ്ങൾക്ക് നല്ല ഭരണം നൽകുന്നതിന് അദ്ദേഹത്തിന്റെ ഉപദേശം ആവശ്യമാണ്,' -മുഖ്യമന്ത്രി പറഞ്ഞു.