ന്യൂഡൽഹി: ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതി വിധി വരുന്നതിന് തൊട്ടുമുമ്പ് പോസ്റ്റുമായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. 'ചില പോരാട്ടങ്ങൾ പരാജയപ്പെടുമെന്ന' കപിൽ സിബൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ചരിത്രം മാത്രമാണ് അന്തിമ വിധികർത്താവെന്നും സിബൽ എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തു.

''ചില പോരാട്ടങ്ങൾ പരാജയപ്പെടാൻ വേണ്ടിയുള്ളതാണ്. കാരണം, തലമുറകൾക്ക് അറിയാൻ സുഖകരമല്ലാത്ത വസ്തുതകൾ ചരിത്രം രേഖപ്പെടുത്തണം. സ്ഥാപനപരമായ പ്രവർത്തനങ്ങളുടെ ശരിയും തെറ്റും വരും വർഷങ്ങളിൽ ചർച്ച ചെയ്യപ്പെടും. ചരിത്രം മാത്രമാണ് അന്തിമ വിധികർത്താവ്'' അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടി ശരിവെച്ച സുപ്രീംകോടതി ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് വ്യക്തമാക്കി. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീരിൽ 2024 സെപ്റ്റംബർ 30നകം തിരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

കേസിൽ ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകനായിരുന്നു കപിൽ സിബൽ. കപിൽ സിബലിനെ കൂടാതെ ഗോപാൽ സുബ്രഹ്‌മണ്യം, രാജീവ് ധവാൻ, ദുഷ്യന്ത് ദവെ, ഗോപാൽ ശങ്കരനാരായണൻ, സഫർ ഷാ എന്നിവരും ഹർജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായി. കേന്ദ്രത്തെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഹരീഷ് സാൽവേ, രാകേഷ് ദ്വിവേദി, വി.ഗിരി എന്നിവരാണ് ഹാജരായത്.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണു വിധി പറഞ്ഞത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു. നാഷനൽ കോൺഫറൻസും ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനും മറ്റുമാണു ഹർജി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 2 മുതൽ വാദം കേട്ട കേസ് സെപ്റ്റംബർ 5ന് ആണു വിധി പറയാൻ മാറ്റിയത്.