ജയ്പൂർ: രാജസ്ഥാനിലെ എൻട്രൻസ് പരിശീലന കേന്ദ്രമായ കോട്ടയിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറക്കാൻ ഹെൽപ് തുടങ്ങി രണ്ട് മാസത്തിനുള്ളിൽ ലഭിച്ചത് 373 പരാതികൾ. വിഷാദത്തിലേക്ക് വീണവർക്ക് കൗൺസലിങ്ങും വൈദ്യസഹായവും നൽകിയതായും അധികൃതർ വ്യക്തമാക്കി. കോച്ചിങ് സെന്ററിൽ നീറ്റിനും ജെ.ഇ.ഇക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതോടെയാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഹെൽപ് ഡെസ്‌ക് തുടങ്ങിയത്.

വിദ്യാർത്ഥികളുടെ സമ്മർദം കുറക്കാൻ ഒരുമാസത്തേക്ക് പരീക്ഷകൾ ഒഴിവാക്കിയിരുന്നു. പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർമാർ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ലഭിച്ച 373 പരാതികളിൽ 35 എണ്ണം മാനസിക സമ്മർദം, വിഷാദം എന്നിവയുമായി ബന്ധപ്പെട്ടവയാണ്. പ്രഫഷനൽ കൗൺസിലർമാർ അവ പരിഹരിച്ചക്കുകയും ചെയ്തു. മറ്റ് പരാതികൾ കൂടുതലും ഫീസ് റീഫണ്ട്, ഹോസ്റ്റൽ മെസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ഇഷ്ടപ്പെടാത്ത ഫോൺ കോളുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് വിദ്യാർത്ഥികളുടെ ഹെൽപ്പ് ഡെസ്‌കിന്റെ ചുമതലയുള്ള താക്കൂർ പറഞ്ഞു.

ഈ വർഷം ഇതുവരെ 26 ആത്മഹത്യ കേസുകളാണ് കോച്ചിങ് ഹബ്ബിൽ റിപ്പോർട്ട് ചെയ്തത്. കോച്ചിങ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി ന്യൂ മെഡിക്കൽ കോളജ് ആശുപത്രിയിൽ സെപ്റ്റംബർ 10 ന് സൈക്കോളജിക്കൽ കൗൺസിലിങ് സെന്റർ പ്രവർത്തനക്ഷമമാക്കിയിരുന്നു.