- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടക രാജ്ഭവൻ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോൺ സന്ദേശം; പരിശോധനയിൽ ഭീഷണി വ്യാജമെന്ന് കണ്ടെത്തി; ഫോൺ കോളിന്റെ ഉറവിടം തേടി അന്വേഷണം
ബംഗളുരു: കർണാടക ഗവർണറുടെ ഔദ്യോഗിക വസതിയായ ബംഗളുരുവിലെ രാജ്ഭവന് സമീപം ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശത്തിന്റെ ഉറവിടം തേടി അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് അജ്ഞാത നമ്പറിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കൺട്രോൾ റൂമിൽ ഫോണ് കോൾ എത്തിയത്. വിശദമായ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഫോൺ കോളിന്റെ ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
രാജ്ഭവൻ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിക്കാമെന്നുമാണ് വിളിച്ചയാൾ എൻ.ഐ.എ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എൻ.ഐ.എ ഉദ്യോഗസ്ഥർ ഉടൻ തന്നെ വിവരം ബംഗളുരു പൊലീസിന് കൈമാറുകയായിരുന്നു. ബംഗളുരു പൊലീസിന്റെ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെയുള്ളവ രാജ്ഭവനിലെത്തി വിശദമായ തെരച്ചിൽ നടത്തി.
വിശദമായ പരിശോധനയ്ക്ക് ഒടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എൻഐഎ കോൾ സെന്ററിൽ ലഭിച്ച ഫോൺ കോൾ എവിടെ നിന്നാണെന്നും ആരാണ് വിളിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ബംഗളുരു സെൻട്രൽ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. വിധാൻ സൗധ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്ഭവനിൽ ബോംബ് സ്‌ക്വാഡിന്റെ പതിവ് പരിശോധന കഴിഞ്ഞ ഉടനെ ആയിരുന്നു ബോംബ് ഭീഷണി എത്തിയത്. തുടർന്ന് രണ്ട് മണിക്കൂറോളം വീണ്ടും പരിശോധന നടത്തി. രാജ്ഭവന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഭീഷണിയുടെ സാഹചര്യത്തിൽ ആവശ്യമായ അധിക നടപടികൾ കൂടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ബംഗളുരുവിലെ നിരവധി സ്‌കൂളുകളിൽ ബോബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഭീതിയിലാഴ്‌ത്തിയിരുന്നു.