- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുണ്ടൽപേട്ടയിൽ മധ്യവയസ്‌കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മേഖലയിൽ ഒരുമാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആൾ

ഗുണ്ടൽപേട്ട: വയനാട്ടിലെ സംഭവത്തിന് പിന്നാലെ, കർണാടകയിലെ ഗുണ്ടൽപേട്ടയിൽ മധ്യവയസ്‌കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബന്ദിപ്പൂർ ദേശീയോദ്യാനത്തിൽ താമസിക്കുന്ന ഗോത്രവിഭാഗത്തിൽപ്പെട്ട് ബസവ(54)യാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിലായിരുന്നു.
വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയ ബസവയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ വനപാലകരും പ്രദേശവാസികളും ചേർന്ന് കാട്ടിലേക്കു തിരഞ്ഞുപോവുകയായിരുന്നു. തുടർന്നാണ് വികൃതമായ രീതിയിൽ മൃതദേഹം കണ്ടെത്തിയത്. ഈ മേഖലയിൽ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബസവ. പ്രദേശത്തെ കടുവയെ പിടികൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ ജനവാസ മേഖലയിലല്ല ആക്രമണം ഉണ്ടായതെന്നാണ് വനപാലകർ പറയുന്നത്.
മൂന്നുദിവസം മുമ്പാണ് വയനാട്ടിൽ കടുവ ആക്രമണത്തിൽ ക്ഷീരകർഷകനായ യുവാവ് കൊല്ലപ്പെട്ടത്. വാകേരി കൂടല്ലൂർ മരോട്ടിത്തടത്തിൽ പ്രജീഷിനെ (ചക്കായി-36) ആണ് കടുവ കൊന്ന് പാതി തിന്നത്. ശനിയാഴ്ച രാവിലെ വാഹനവുമായി വീട്ടിൽനിന്ന് 300 മീറ്ററോളം ദൂരത്തുള്ള സ്വകാര്യ തോട്ടത്തിൽ പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകുന്നേരമായിട്ടും കാണാതായതോടെ മാതാവ് അയൽവാസികളോട് വിവരം പറഞ്ഞു. തുടർന്ന് സഹോദരനും അയൽവാസിയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന് മൂന്നുദിവസമായിട്ടും നരഭോജി കടുവയെ കണ്ടെത്താനായിട്ടില്ല.


