ഗാന്ധിനഗർ: ചംഗ ആനന്ദ് ജില്ലയിലെ ചരോട്ടർ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. പ്രതിശ്രുത വരനുമായുണ്ടായ വാക്ക് തർക്കത്തിന് പിന്നാലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ ദിവ്യ ഭാഭോർ എന്ന 20കാരിയെ കെകെ ഗേൾസ് ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗുജറാത്ത് പൊലീസ് അറിയിച്ചു.

സൈനികൻ കൂടിയായ പ്രതിശ്രുത വരനുമായുണ്ടായ വാക്ക് തർക്കത്തിന് പിന്നാലെയാണ് ദിവ്യ മരിച്ചതെന്നാണ് സഹപാഠികൾ പറയുന്നതെന്നും അന്വേഷണസംഘം പറഞ്ഞു. 'തിങ്കളാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് സഹപാഠി മടങ്ങിയെത്തിയപ്പോൾ ഹോസ്റ്റൽ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൊബൈൽ ഫോണിൽ നിരവധി തവണ വിളിച്ചിട്ടും ദിവ്യ വാതിൽ തുറന്നില്ല. അരമണിക്കൂറിന് ശേഷം, ഹോസ്റ്റൽ വാർഡൻ എത്തി മുറി ചവിട്ടി തുറന്നപ്പോഴാണ് ദിവ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഹോസ്റ്റലിലെ നിയമം അനുസരിച്ച് എല്ലാ താമസക്കാർക്കും വാരാന്ത്യത്തിൽ വീട്ടിലേക്ക് പോകാൻ ഔട്ട് പാസ് നൽകും. വെള്ളിയാഴ്ച വൈകുന്നേരം ഔട്ട് പാസ് എടുത്ത ദിവ്യ ഹോസ്റ്റൽ നിന്ന് ഇറങ്ങിയിരുന്നു. എന്നാൽ വീട്ടിലേക്ക് പോയില്ല. ഞായറാഴ്ച വൈകുന്നേരം ഹോസ്റ്റലിൽ മടങ്ങിയെത്തി.' വീട്ടിൽ പോയില്ലെന്ന വിവരം അറിഞ്ഞതോടെ, എവിടെയായിരുന്നുവെന്ന് സഹപാഠി ചോദിച്ചപ്പോഴാണ് പ്രതിശ്രുത വരനുമായി വഴക്കുണ്ടായ വിവരം ദിവ്യ പറഞ്ഞതെന്നും പൊലീസ് അറിയിച്ചു.

'നാല് മാസം മുൻപും ദിവ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ മനസിലാക്കാൻ സാധിച്ചത്. തുടർന്ന് ഹോസ്റ്റൽ അധികൃതർ മാതാപിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം ദിവ്യയെ അയച്ചിരുന്നു. ആഴ്ചകൾക്ക് ശേഷം ദിവ്യ വീണ്ടും ഹോസ്റ്റലിലേക്ക് മടങ്ങിയെത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. മാതാപിതാക്കളെയും ബന്ധുക്കളെയും പ്രതിശ്രുതവരനെയും ഉടൻ ചോദ്യം ചെയ്യും.' അന്വേഷണത്തിന്റെ ഭാഗമായി ദിവ്യയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.