ബെംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ബിഹാർ സ്വദേശികളായ ദമ്പതികൾ ബംഗളൂരു യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ബൽറാം, പ്രമീള ദേവി എന്നിവരാണ് അറസ്റ്റിലായത്. തട്ടിയെടുത്ത രണ്ട് കുട്ടികൾ ഇവർക്കൊപ്പമുണ്ടായിരുന്നു.

ആറ് വയസ്സുകാരിയായ പെൺകുട്ടിയെയും രണ്ട് വയസ്സുകാരനായ സഹോദരനെയുമാണ് ദമ്പതികൾ ബംഗളൂരുവിലെ കോടിഗെഹള്ളിയിൽ നിന്ന് തട്ടിയെടുത്തത്. റെയിൽവേ സ്റ്റേഷനിൽ വെച്ച് കുട്ടികളോടുള്ള ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ റെയിൽവേ പൊലീസ് ഇരുവരെയും ചോദ്യംചെയ്യുകയായിരുന്നു. തുടർന്നാണ് കുട്ടികളെ തട്ടിയെടുത്തതാണെന്നും ബിഹാറിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായത്.

തുടർന്നുള്ള അന്വേഷണത്തിൽ ഇരുവരും കുട്ടികളെ തട്ടിക്കൊണ്ടുവരുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. വീടിന് സമീപം റോഡരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പ്രമീള ദേവി തട്ടിയെടുക്കുകയായിരുന്നു. കുട്ടികളെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

കുട്ടികളെ തട്ടിയെടുക്കുന്ന മറ്റൊരു സംഘത്തെ ബംഗളൂരുവിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് കുട്ടികളെ കടത്തി ബംഗളൂരുവിലെത്തിച്ച് കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്.