- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇൻസ്റ്റഗ്രാം വഴി പരിചയം; ലിവിങ് ടുഗെതർ പാർട്ണർ ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; ഇരുപത് വയസുകാരിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു; 24കാരൻ അറസ്റ്റിൽ

ഇൻഡോർ: മദ്ധ്യപ്രദേശിൽ ഇരുപത് വയസുകാരിയെ കത്രിക കൊണ്ട് കുത്തിക്കൊന്ന സംഭവത്തിൽ 24കാരനായ ലിവിങ് ടുഗെതർ പാർട്ണർ അറസ്റ്റിൽ. ഇൻഡോറിൽ ബുധനാഴ്ചയാണ് പ്രതി അറസ്റ്റിലായത്. യുവതി ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രവീൺ സിങ് ദക്കഡ് എന്ന 24 വയസുകാരനാണ് പൊലീസിന്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും ഏതാനും ദിവസം മുമ്പാണ് ഇൻഡോറിലെത്തിയതും തുടർന്ന് വാടക വീട് സംഘടിപ്പിച്ച് ഒരുമിച്ച് താമസം തുടങ്ങിയതും. രാവോജി ബസാറിലാണ് ഇവർ വാടകയ്ക്ക് വീടെടുത്തത്. ഏതാനും ദിവസങ്ങൾ മാത്രമേ അവിടെ താമസിച്ചിട്ടുള്ളൂ. ഇതിനിടെ യുവതി പ്രവീൺ സിങുമായി ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. കുപിതനായ യുവാവ് കത്രികയെടുത്ത് യുവതിയുടെ കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു.
രക്തം വാർന്ന് അവിടെ കിടന്നുതന്നെ യുവതി മരണപ്പെടുകയും ചെയ്തു. ഭയന്നുപോയ പ്രവീൺ സിങ്, യുവതിയെ വീടിനുള്ളിൽ ഉപേക്ഷിച്ച ശേഷം വീട് പുറത്തു നിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. യുവതിയുടെ മൊബൈൽ ഫോണും ഇയാൾ എടുത്തുകൊണ്ടുപോയി. ഡിസംബർ ഏഴാം തീയ്യതിയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്.
രണ്ട് ദിവസം കഴിഞ്ഞ് ഡിസംബർ ഒൻപതിനാണ് കൊലപാതക വിവരം പുറത്തുവന്നത്. ഉടൻ തന്നെ പൊലീസ് പ്രവീൺ സിങിനായി അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമായത്.


