ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകി. മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ്. സർവേ നടത്താൻ മൂന്നംഗ അഭിഭാഷക കമ്മീഷണർമാരെ നിയമിക്കാൻ കോടതി തീരുമാനിച്ചു. ഡിസംബർ 18ന് കേസിൽ കോടതി വീണ്ടും വാദം കേൾക്കുമ്പോൾ തുടർനടപടികൾ തീരുമാനിക്കും.

ഷാഹി ഈദ്ഗാഹ് പള്ളിയിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാർഥ സ്ഥാനമറിയാൻ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം കോടതിയെ സമീപിച്ചത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേർന്നുള്ള ഗ്യാൻവാപിപള്ളി സമുച്ചയത്തിൽ അഭിഭാഷകസംഘം നടത്തിയ സർവേയുടെ മാതൃകയിലുള്ള പരിശോധനയാകും ഷാഹി ഈദ്ഗാഹിലും നടക്കുക.

ഷാഹി ഈദ്ഗാഹ് മസ്ജിദിൽ അഭിഭാഷക കമ്മീഷന്റെ സർവേ ആവശ്യപ്പെട്ടുള്ള തങ്ങളുടെ ഹർജിക്ക് അലഹബാദ് ഹൈക്കോടതി അനുമതി നൽകിയെന്ന് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. മസ്ജിദിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞാണ് സർവേയ്ക്ക് കോടതി അനുമതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

13.37 ഏക്കർ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്ദേവ് ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി ഔറംഗസേബ് 1669-70 കാലത്ത് ഷാഹി ഈദ്ഗാഹ് പണിതതെന്നാണ് ഹിന്ദു വിഭാഗത്തിന്റെ അവകാശവാദം. പള്ളിസമുച്ചയം അവിടെനിന്ന് മാറ്റി തങ്ങൾക്ക് ആരാധനയ്ക്ക് അവസരം നൽകണമെന്നതാണ് അവരുടെ ആവശ്യം. ഇതുസംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.