- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗർഭിണിയായ ഭാര്യയെയും മകനെയും കാണാതായെന്ന് ഭർത്താവിന്റെ പരാതി; അർദ്ധരാത്രി വീട്ടിൽനിന്നും ഇറങ്ങിപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ; കുറിപ്പ് എഴുതി വച്ചു; അന്വേഷണം തുടരുന്നു

മംഗളൂരു: മംഗളൂരുവിൽ ഗർഭിണിയായ ഭാര്യയെയും മൂന്നു വയസുകാരനായ മകനെയും കാണാതായെന്ന ഭർത്താവിന്റെ പരാതിയിൽ അന്വേഷണം തുടങ്ങി. ബജ്‌പെ മേഖലയിലെ കെപി നഗറിലെ സ്വദേശിയായ അഹമ്മദ് മഖ്‌സൂദ് ആണ് ഭാര്യ ഷറീന(24)യെയും മൂന്നു വയസുകാരൻ മകൻ മുഹമ്മദ് തൊഹറിനെയും കാണാതായെന്ന് പരാതി നൽകിയത്. ഡിസംബർ 11 രാത്രി മുതൽ ഇരുവരെയും കാണുന്നില്ലെന്നാണ് 13ന് ബജ്‌പെ പൊലീസ് സ്റ്റേഷനിൽ അഹമ്മദ് നൽകിയ പരാതിയിൽ പറയുന്നത്.
വെള്ള ചുരിദാർ ധരിച്ചാണ് ഷറീന വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും അഹമ്മദിന്റെ പരാതിയിൽ പറയുന്നു. അഞ്ചടിയും മൂന്നിഞ്ച് ഉയരവുമാണ് ഷറീനയ്ക്ക്. കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ആശയവിനിമയം നടത്തും. മകൻ മുഹമ്മദ് തൊഹറിന് മൂന്നടി ഉയരമുണ്ട്. കറുത്ത ടീ ഷർട്ടും ക്രീം നിറമുള്ള ഷോർട്‌സുമാണ് കാണാതായ സമയത്ത് ധരിച്ചിരുന്നതെന്നും അഹമ്മദ് പറഞ്ഞു. അഹമ്മദിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഷറീന നിലവിൽ അഞ്ച് മാസം ഗർഭിണിയാണെന്നും അഹമ്മദ് പറഞ്ഞു. ആറ് വർഷം മുൻപാണ് ഷറീനയും അഹമ്മദും വിവാഹിതരായത്. ഡിസംബർ 11ന് അർദ്ധരാത്രി ഏകദേശം 2.45നാണ് ഷറീന മകനെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് വീടിന് മുന്നിൽ സ്ഥാപിച്ച സിസി ടിവിയിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
വസ്ത്രങ്ങളും അഞ്ച് ഗ്രാം സ്വർണവും എടുത്ത് അമ്മയുടെ വീട്ടിലേക്ക് പോവുകയാണെന്ന കുറിപ്പ് എഴുതി വച്ചാണ് ഷറീന വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ഷറീന അമ്മയുടെ വീട്ടിൽ എത്തിയില്ലെന്ന് അടുത്തദിവസം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താൻ സാധിച്ചില്ല. തുടർന്നാണ് 13ന് പരാതിയുമായി അഹമ്മദ് പൊലീസിനെ സമീപിച്ചത്.


