ചെന്നൈ: ഭാര്യയുൾപ്പെടെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ യുവാവ് വാഹനാപകടത്തിൽ മരിച്ചു. വെട്ടേറ്റ ഒരാളും മരിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ വിക്ടോറിയ നഗറിലാണ് സംഭവം.

സ്വകാര്യബാങ്കിൽ സ്വർണം പരിശോധകനായി ജോലി നോക്കിയിരുന്ന ടി. സുന്ദർ ഗണേശാ(42)ണ് ദേശസാത്കൃത ബാങ്കിന്റെ ബ്രാഞ്ച് മാനേജരായ ഭാര്യ നിത്യ(39)യെയും വീടിനടുത്ത് പാൽക്കട നടത്തുന്ന ഗോപിനാഥ് (34), താമരൈ ശെൽവൻ (35) എന്നിവരെയും വാക്കത്തികൊണ്ട് വെട്ടിയത്.

അതിക്രമത്തിനുശേഷം സ്വന്തം കാറിൽ അതിവേഗം പോവുമ്പോൾ തഞ്ചാവൂർ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലുണ്ടായ അപകടത്തിൽ സുന്ദർ ഗണേശ് മരിച്ചു. വെട്ടേറ്റ ഗോപിനാഥ് ആശുപത്രിയിൽവെച്ച് മരിച്ചു. രണ്ടുവർഷംമുമ്പ് ജോലിയുപേക്ഷിച്ച സുന്ദർ ഗണേശ് പതിവായി ഭാര്യയുമായി വഴക്കിടുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

അടുത്തയിടെ വാങ്ങിയ വീട് വിൽക്കുന്നതിനെച്ചൊല്ലിയുള്ള വഴക്കാണ് കത്തിക്കുത്തിൽ കലാശിച്ചത്. രണ്ടുമക്കളുടെ മുന്നിൽവെച്ച് ഭാര്യയെ വെട്ടിവീഴ്‌ത്തിയ സുന്ദർ ഗണേശ് കത്തിയും കൈയിലെടുത്ത് കാറിൽ കയറി പോവുകയായിരുന്നു.

വഴിയിൽ പാൽക്കടയ്ക്കുമുന്നിൽ കാർ നിർത്തി ഗോപിനാഥിനെയും സെൽവനെയും ആക്രമിച്ചു. വീണ്ടും കാറിൽ കയറി യാത്ര തുടർന്നപ്പോഴാണ് എതിരേവന്ന ചരക്കുവണ്ടിയിൽ ഇടിച്ചത്. പാൽക്കച്ചവടക്കാരും സുന്ദർ ഗണേശും തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.