- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറ്റൊരു സ്ത്രീയുമായുള്ള വിവാഹം എതിർത്തു; വീട്ടുടമയായ അറുപതു വയസ്സുകാരിയെ കൊലപ്പെടുത്തി; പണവും ആഭരണങ്ങളും മോഷ്ടിച്ചു; 31കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: വീട്ടുടമയായ അറുപതു വയസ്സുകാരിയെ കൊലപ്പെടുത്തി പണവും ആഭരണവും മോഷ്ടിച്ചു കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. ഡൽഹി നന്ദ് നഗ്രി മേഖലയിൽ താമസിക്കുന്ന ആശാദേവിയെ (60) കൊലപ്പെടുത്തിയ ദേവേന്ദർ (31) ആണ് ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽനിന്നു ശനിയാഴ്ച ഡൽഹി പൊലീസിന്റെ പിടിയിലായത്. ആശാദേവിയുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സമയത്ത് ഇവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും മറ്റൊരു സ്ത്രീയുമായുള്ള വിവാഹം ആശാദേവി എതിർത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നും ദേവേന്ദർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
കൊലപാതകം നടന്ന് അഞ്ച് ദിവസത്തിനു ശേഷം ഡിസംബർ 15ന് ആശാദേവിയെ കാണാനില്ലെന്ന് മകൻ പരാതി നൽകിയതോടെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. ഇവരുടെ താമസസ്ഥലത്തുനിന്നു ദുർഗന്ധം വമിക്കുന്നതിനെ കുറിച്ച് കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. പരിശോധനയിൽ ഒരു പെട്ടിക്കുള്ളിൽ പ്ലാറ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് ആശാദേവിയുടെ മൃതദേഹം കണ്ടെത്തിയത്.
ജോലി തേടി 2015ൽ ഡൽഹിയിലേക്ക് പോയ ദേവേന്ദർ, ചെമ്പ് വയർ പാക്കിങ് ബിസിനസ് ആരംഭിച്ചെങ്കിലും കോവിഡ് സമയത്ത് നഷ്ടത്തിലായി. ജോലിയില്ലാതെ പിതാവിൽനിന്നു പണം വാങ്ങി ജീവിച്ചിരുന്ന പ്രതി, 2019ലാണ് ആശാദേവിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ ആരംഭിച്ചത്. ആശാദേവിയിൽനിന്നും പലപ്പോഴായി പണം വാങ്ങി. ഇതിനു പിന്നാലെ ഇവർ തമ്മിൽ അടുത്തു.
എന്നാൽ ഇതേ വീട്ടിലെ മറ്റൊരു വാടകക്കാരിയെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് ആശാദേവിയെ ദേവേന്ദർ അറിയിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഡിസംബർ 10ന്, വാക്കുതർക്കത്തിനിടെ ആശാദേവിയെ ദേവേന്ദർ ഇഷ്ടിക കൊണ്ട് പലതവണ അടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ഒരു പെട്ടിയിൽ ഒളിപ്പിച്ച് പണവും ആഭരണങ്ങളും മോഷ്ടിച്ച് അലിഗഡിലേക്ക് രക്ഷപ്പെടുകയായിരുന്നു.


