ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത ഏഴു ദിവസം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കൻ ജില്ലകളിൽ ഞായറാഴ്ച രാവിലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. തൂത്തുക്കുടി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിലും മഴയിലുംഇവിടെ മരങ്ങൾ കടപുഴകി വീഴുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തമിഴ്‌നാടിന്റെ തെക്കൻ പ്രദേശങ്ങളിലും വടക്കൻ തമിഴ്‌നാട്ടിലെയും പുതുച്ചേരി, കരയ്ക്കൽ എന്നിവിടങ്ങളിലെയും ചില പ്രദേശങ്ങളിലും ഞായറാഴ്ച മഴ തുടരും. കന്യാകുമാരി, പുതുക്കോട്ടൈ, തിരുനൽവേലി, തെങ്കാശി ജില്ലകളിലെ ചില സ്ഥലങ്ങളിലുംഈ ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

നാഗപട്ടണം, പുതുകോട്ടൈ, തഞ്ചാവൂർ, രാമനാഥപുരം, വിരുദുനഗർ, തിരുവാരൂർ എന്നീ ജില്ലകളിലെ ചിലയിടങ്ങളിലും കനത്ത മഴ പെയ്‌തേക്കും. തെക്കൻ തമിഴ്‌നാടിലെ മിക്ക സ്ഥലങ്ങളിലും, പുതുച്ചേരി, കാരയ്ക്കൽ തുടങ്ങി ചില വടക്കു പ്രദേശങ്ങളിലും തിങ്കളാഴ്ച മഴ മുന്നറിയിപ്പുണ്ട്. അന്നേദിവസം കന്യാകുമാരി, തിരുനൽവേലി, തൂത്തുകുടി, തെങ്കാശി ജില്ലകളിലെ ചില സ്ഥലങ്ങളിൽ അതിതീവ്രമഴയ്ക്കും, രാമനാഥപുരം, ശിവഗംഗൈ, വിരുദുനഗർ, തഞ്ചാവൂർ, പുതുക്കോട്ടൈ, തേനി ജില്ലകളിൽ തീവ്രമഴയ്ക്കും സാധ്യതയുണ്ട്.

ചൊവ്വാഴ്ച പുതുച്ചേരി, കാരയ്ക്കൽ, വടക്കൻ തമിഴ്‌നാട് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ മഴയ്ക്കും, മറ്റുചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. പുതുച്ചേരി, കാരയ്ക്കൽ എന്നിവയ്ക്കു പുറമെ തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിലും ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ മഴതുടർന്നേക്കും