ബംഗളുരു: കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാർ മാസ്‌ക് ധരിക്കണമെന്ന് ഉപദേശിച്ച് കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു. മുതിർന്ന പൗരന്മാർക്ക് പുറമെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും മാസ്‌ക് ധരിക്കണമെന്ന് കുടകിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്ന് ചർച്ച നടത്തിയെന്നും വൈകാതെ മാർഗനിർദ്ദേശം പുറത്തിറക്കുമെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു. 60 വയസിന് മുകളിൽ പ്രായമുള്ളവരും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ളവരും മറ്റ് അസുഖങ്ങളുള്ളവരും മാസ്‌ക് ധരിക്കണം. സർക്കാർ ആശുപത്രികളോട് തയ്യാറെടുപ്പുകൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന മേഖലകൾ കൂടുതൽ ജാഗ്രത പാലിക്കണം. മംഗലാപുരം, ചാമനാജനഗർ, കുടക് പോലുള്ള പ്രദേശങ്ങൾ ജാഗ്രത പുലർത്തണം. പരിശോധനകളുടെ എണ്ണം കൂട്ടും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ നിർബന്ധമായും പരിശോധനകൾക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇന്നലെ മാത്രം 111 അധിക കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കോവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. തമിഴ്‌നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കർണാടകത്തിൽ 60 കേസുകളാണ് ആക്ടീവായുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോർട്ട് ചെയ്തത്. ഗോവയിൽ രണ്ട് കേസുകളും അധികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോർട്ട് ചെയ്തു.