മംഗളൂരു: വളർത്തുമകളെ കാണാതായതിനെ തുടർന്ന് ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനടക്കം നാല് പേർ അറസ്റ്റിൽ. ദത്തുപുത്രിയുടെ കാമുകനും ഷിർവ സ്വദേശിയുമായ ഗിരീഷ് (20), കൂട്ടാളികളായ ഷിർവ സ്വദേശികളായ രൂപേഷ് (22), ജയന്ത് (23), മേജൂർ സ്വദേശി മുഹമ്മദ് അസീസ് എന്നിവരാണ് അറസ്റ്റിലായത്.

ലീലാധർ ഷെട്ടിയുടെ ദത്തുപുത്രിയോടൊപ്പം കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്നാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്. കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് ലീലാധർ ഷെട്ടിയും (68) ഭാര്യ വസുന്ധരയും 16 വർഷം മുമ്പ് പെൺകുഞ്ഞിനെ ദത്തെടുത്തത്. എന്നാൽ ഇക്കഴിഞ്ഞ ഡിസംബർ 16-ന് പെൺകുട്ടിയെ കാണാതായി.

പെൺകുട്ടിയെ കാണാതായതിൽ മനംനൊന്ത് ലീലാധർ ഷെട്ടിയും ഭാര്യയും അന്നുരാത്രി വീട്ടിൽ തൂങ്ങിമരിച്ചെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ആത്മഹത്യാ പ്രേരണക്കും ആളെ കാണാതായതിനും കൗപ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു.

പ്രതി ഗിരീഷിനെതിരെ പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗിരീഷിന്റെ മറ്റ് മൂന്ന് സുഹൃത്തുക്കൾക്കെതിരെയും പോക്സോ ചുമത്തി. എസ്‌പി ഡോ. അരുൺ കെ, എഎസ്‌പി സിദ്ധലിംഗപ്പ, കാർക്കള ഡിവൈഎസ്‌പി അരവിന്ദ കല്ലഗുജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. കൗപ് പിഎസ്‌ഐ അബ്ദുൾ ഖാദറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.