കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സഖ്യനീക്കവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ തൃണമൂൽ കോൺഗ്രസും ഇടതുപക്ഷവും കോൺഗ്രസും ചേർന്നുള്ള സഖ്യം സാധ്യമാകുമെന്ന് മമത ബാനർജി അറിയിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ ഈ സഖ്യം ബംഗാളിൽ ഉറപ്പായും സാധ്യമാകുമെന്നാണ് മമത പറഞ്ഞത്.

'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായാകും തൃണമൂൽ കോൺഗ്രസ്-ഇടത്-കോൺഗ്രസ് സഖ്യം സാധ്യമാകുകയെന്നും അവർ കൂട്ടിച്ചേർത്തു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നേ സഖ്യം ഉറപ്പായും യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയും ബംഗാൾ മുഖ്യമന്ത്രി പങ്കുവച്ചു. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനത്തിലെത്തുമെന്നും അവർ വിവരിച്ചു.

സീറ്റ് ധാരണയിൽ തീരുമാനമെടുക്കുന്നതിന് 'ഇന്ത്യ' സഖ്യം വൈകരുതെന്നും മമത ബാനർജി ആവശ്യപ്പെട്ടു. ഇന്ത്യാ സഖ്യത്തിന് 2024 ൽ അധികാരത്തിലേറാനാകുമെന്നും പ്രധാനമന്ത്രി ആരാകണം എന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.