ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളുടെ മുന്നൊരുക്കങ്ങൾക്കിടെ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവന്നു. കേരളത്തിൽനിന്നു നടൻ മോഹൻലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണമുണ്ടെന്നാണു റിപ്പോർട്ട്. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

വിവിധ മേഖലകളിലെ പ്രശസ്തർക്കാണു ചടങ്ങിലേക്കു ക്ഷണം. ചലച്ചിത്ര രംഗത്തുനിന്ന് അമിതാഭ് ബച്ചൻ, രജനികാന്ത്, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, അനുപം ഖേർ, ചിരഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി തുടങ്ങിയവർക്കാണു ക്ഷണമുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കു ക്ഷണക്കത്ത് ലഭിച്ചേക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനിയും മുരളി മനോഹർ ജോഷിയും പങ്കെടുത്തേക്കില്ല. പരിപാടിയിൽ എഴായിരം പേരാണ് പങ്കെടുക്കുക. ഇതിൽ നാലായിരം പേർ പുരോഹിതന്മാരാണ്. കാശി വിശ്വനാഥ്, വൈഷ്‌ണോദേവി തുടങ്ങിയ പ്രധാനക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാരും ചടങ്ങിൽ പങ്കെടുക്കും

താൽക്കാലിക ക്ഷേത്രത്തിൽനിന്ന് പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കാൽനടയായി ശ്രീരാമ വിഗ്രഹം വഹിക്കുന്നതു മോദി ആയിരിക്കുമെന്നാണു സൂചന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോദിയെ അനുഗമിക്കും.

പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിരത്തിൽ ഭഗവാൻ ശ്രീരാമന്റെ ചരൺ പാദുകങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഈ പാദുകങ്ങൾ ഒരു കിലോ സ്വർണ്ണവും ഏഴ് കിലോ വെള്ളിയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഞായറാഴ്ച രാമേശ്വരം ധാമിൽ നിന്ന് അഹമ്മദാബാദിലേക്ക് കൊണ്ടുവന്ന ഈ പാദുകങ്ങൾ ഹൈദരാബാദിലെ ശ്രീചല്ല ശ്രീനിവാസ ശാസ്ത്രിയാണ് തയ്യാറാക്കിയത്.

ഇവിടെ നിന്ന് പാദുകങ്ങൾ പ്രഭാസ് പടാനിലെ സോമനാഥ് മന്ദിറിലേക്കും പിന്നീട് ക്ഷേത്രനഗരമായ ദ്വാരകയിലേക്കും പിന്നീട് ബദരീനാഥ് ധാമിലേക്കും കൊണ്ടുപോകും. ജനുവരി 19ന് പ്രതിഷ്ഠാ മഹോത്സവത്തിന് മുന്നോടിയായി പാദുകങ്ങൾ അയോധ്യയിലെത്ത്ക്കുകയും ചെയ്യും.

വന്നുചേരുന്ന ഭക്തരുടെ എണ്ണം മാനിച്ച് നിരവധി സൗകര്യങ്ങൾ അയോധ്യയിൽ ഒരുങ്ങുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും. പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ ഉദ്ഘാടന ദിവസം നടക്കും