- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാ സബ് ഇൻസ്പെക്ടറെ ലൈംഗികമായി ഉപദ്രവിച്ചു; ബിഹാറിൽ ഡിഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ നടപടി
പട്‌ന: വനിതാ സബ് ഇൻസ്പെക്ടറെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബിഹാറിലെ കൈമൂർ ജില്ലയിലെ ഡിഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥനെ ബിഹാർ ആഭ്യന്തര വകുപ്പ് സസ്‌പെൻഡ് ചെയ്തു. ബിഹാർ-ഉത്തർപ്രദേശ് അതിർത്തിയിലെ മൊഹാനിയ സബ് ഡിവിഷനിൽ ഡിഎസ്‌പിയായി ചുമതലയേറ്റ ഫായിസ് അഹമ്മദ് ഖാനെതിരെയാണ് നടപടി. അഞ്ച് മാസം മുൻപായിരുന്നു സംഭവം.
ഓഗസ്റ്റിൽ, ഇരയായ വനിതാ സബ് ഇൻസ്പെക്ടർ ജില്ലാ എസ്‌പി ലളിത് മോഹൻ ശർമയ്ക്ക് പരാതി നൽകിയിരുന്നു. വിഷയം വളരെ സെൻസിറ്റീവ് ആയതിനാൽ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് ലളിത് മോഹൻ ശർമ ജില്ലാ മജിസ്ട്രേറ്റിനോട് അഭ്യർത്ഥിച്ചു. തുടർന്ന് കൈമൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് (എസ്ഡിഎം) സവിത കുമാരി, വനിതാ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പൂനം കുമാരി, സർദാർ വല്ലഭ് ഭായ് പട്ടേൽ കോളജ് അസോഷ്യേറ്റ് പ്രഫസർ സീമ പട്ടേൽ എന്നിവരടങ്ങിയ സമിതിയെ രൂപീകരിച്ചു.
വാട്‌സാപ് സന്ദേശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും പരാതിക്കാരി അന്വേഷണ സമിതിക്കു മുന്നിൽ സമർപ്പിച്ചു. അന്വേഷണത്തിൽ, ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. അതനുസരിച്ച് എസ്‌പി ലളിത് മോഹന് റിപ്പോർട്ട് സമർപ്പിച്ചു. അദ്ദേഹം ഫായിസ് അഹമ്മദ് ഖാനെതിരെ വകുപ്പുതല നടപടിക്ക് ഷഹാബാദ് റേഞ്ച് ഡിഐജി നവീൻ ചന്ദ്ര ഝായോട് ശുപാർശ ചെയ്തു. ഫായിസ് അഹമ്മദ് ഖാനെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ആഭ്യന്തര വകുപ്പിനും ശുപാർശ ചെയ്തു.
എന്നാൽ, അന്ന് ഫായിസ് അഹമ്മദ് ഖാനെ സസ്‌പെൻഡ് ചെയ്തിരുന്നില്ല. ഒരു മന്ത്രി ഫായിസ് അഹമ്മദ് ഖാനെ പിന്തുണയ്ക്കുന്നുണ്ടെന്നും അതുകൊണ്ടാണ് സസ്‌പെൻഡ് ചെയ്യാത്തതെന്നും ആരോപണമുയർന്നിരുന്നു. പിന്നാലെയാണ് ഇയാളെ സസ്‌പെൻഡ് ചെയ്ത് ആഭ്യന്തര വകുപ്പ് തിങ്കളാഴ്ച വിജ്ഞാപനമിറക്കിയത്.