ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് ബിൽ ലോക്സഭയിൽ പാസായി. പോസ്റ്റ് ഓഫീസ് മുഖേന അയക്കുന്ന വസ്തു സംബന്ധിച്ച് സംശയം ഉയർന്നാൽ രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി, അവ തുറന്ന് പരിശോധിക്കാനും പിടിച്ചെടുക്കാനും സർക്കാരിന് അധികാരം നൽകുന്ന ബില്ലാണിത്. നേരത്തെ രാജ്യസഭയിൽ ബിൽ പാസായിരുന്നു.

1898-ലെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് നിയമത്തിന് ബദലായാണ് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. മുമ്പുള്ള ബില്ലിലെ സമാന വ്യവസ്ഥകൾ നിലനിർത്തിയാണ് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പോസ്റ്റ് ഓഫീസ് നൽകുന്ന സേവനത്തിന് ചാർജുകൾ നൽകാൻ തയാറാകാത്ത പക്ഷം അത് ഭൂനികുതി കുടിശ്ശികയ്ക്ക് തുല്യമായി കണക്കിലെടുത്ത് തിരിച്ചു പിടിക്കാം.

പഴയ നിയമത്തിൽ തപാൽ സേവനം നൽകുന്നതിനുള്ള അവകാശം പൂർണ്ണമായും കേന്ദ്രത്തിലായിരുന്നു. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഈ വ്യവസ്ഥ അതിൽ നിന്നും ഒഴിവാക്കി. സ്വകാര്യ കൊറിയർ സർവീസുകൾ നിലവിലുണ്ടെങ്കിലും പഴയ നിയമത്തിൽ ഇതിന് ഭേദഗതി വരുത്തിയിട്ടില്ല.