പൂണെ: യുവമോർച്ച നേതാവിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. യുവ മോർച്ച പൂണെ മേഖലയിലെ നേതാവായ സുനിൽ ധുമലി(35)നെ ചൊവാഴ്ചയാണ് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളോടെയാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയതെന്നും സംഭവത്തിൽ അന്വേഷണ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

സുനിൽ ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പക്ഷെ ശരീരത്തിലെ മുറിവുകൾ എങ്ങനെ സംഭവിച്ചതാണെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൂണെ പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

സുനിൽ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് മേഖലയിലെ യുവ മോർച്ച പ്രവർത്തകർ പറഞ്ഞു. കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിച്ചിരുന്ന വ്യക്തിയാണ് സുനിൽ. കുടുംബപരമായിട്ടും സാമ്പത്തികപരമായിട്ടും പ്രശ്നങ്ങളൊന്നും സുനിലിനില്ലെന്നും പ്രവർത്തകർ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു