- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിന്റെ വകഭേദമായ ജെഎൻ.1 രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 21 പേർക്ക്; 19 രോഗികൾ ഗോവയിൽ; കേരളത്തിലും മഹാരാഷ്ട്രയിലും രോഗബാധിതർ
ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ.1 രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 21 പേർക്കെന്ന് കേന്ദ്രസർക്കാരിന്റെ വിദഗ്ധസമിതിയായ നിതി ആയോഗ് അംഗം (ആരോഗ്യവിഭാഗം) വി.കെ. പോൾ. ഗോവയിൽ 19 പേർക്കും മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഓരോത്തർക്ക് വീതവുമാണ് ജെഎൻ.1 സ്ഥിരീകരിച്ചത്.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കോവിഡ് കേസുകളിൽ വർധനവുണ്ടായതിനെ തുടർന്ന് നിലവിലെ സാഹചര്യവും പൊതുജനാരോഗ്യസംവിധാനങ്ങൾ സ്വീകരിച്ചിട്ടുള്ള പ്രതിരോധനടപടികളും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ബുധനാഴ്ച വിലയിരുത്തി. കെറോണവൈറസിന്റെ പുതിയ വകഭേദങ്ങൾക്കെതിരെ ജാഗ്രത പുലർത്തമെന്നും അവയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡിനെ നിയന്ത്രണവിധേയമാക്കാൻ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സഹവർത്തിത്വം ഉറപ്പുവരുത്താനും മന്ത്രി ആവശ്യപ്പെട്ടു. ഓരോ മൂന്നുമാസത്തിലും മോക്ഡ്രില്ലുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം കോവിഡിൽ നിന്ന് ഇനിയും പൂർണമുക്തി നേടിയിട്ടില്ലെന്നും അതിനാൽത്തന്നെ സംസ്ഥാനങ്ങൾ കൃത്യമായ നിരീക്ഷണം തുടരണമെന്നാവശ്യപ്പെട്ട അദ്ദേഹം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെ സജീവ കേസുകളിൽ വർധനവുണ്ടായത് ആശങ്കയുളവാക്കുന്നുണ്ട്. കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രതിദിന പോസിറ്റീവിറ്റി നിരക്ക് നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി സുധാംശു പന്ത് അറിയിച്ചു. ജെഎൻ.1 വകഭേദത്തെ കുറിച്ച് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ നടന്നുവരികയാണെന്നും നിലവിൽ ഈ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും പന്ത് കൂട്ടിച്ചേർത്തു. ജെഎൻ1 സ്ഥിരീകരിച്ച രോഗികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും രോഗികൾ സുഖം പ്രാപിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.