- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വന്ദേഭാരത് ട്രെയിനുകളുടെ സുരക്ഷ; പാതയ്ക്ക് ഇരുവശത്തും സുരക്ഷാവേലി പരിഗണനയിലെന്ന് റെയിൽവേ മന്ത്രി
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ സ്ഥലങ്ങളിൽ പാതയ്ക്ക് ഇരുവശത്തും സുരക്ഷാവേലി നിർമ്മിക്കുന്നകാര്യം പരിഗണനയിലുണ്ടെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് തീവണ്ടി 130 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന മേഖലകളിലാണ് സുരക്ഷാവേലി സ്ഥാപിക്കുന്നകാര്യം പരിഗണിക്കുന്നത്.
ബിജെപി എംപി ഘനശ്യാം സിങ് ലോധിയുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി പാർലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. വന്ദേഭാരത് തീവണ്ടികൾ ഓടുന്ന പാളങ്ങളിൽ സാമൂഹ്യവിരുദ്ധർ തടസങ്ങൾ സൃഷ്ടിക്കുന്ന കാര്യമടക്കം ബിജെപി എംപി ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷയ്ക്കാണ് റെയിൽവേ ഏറ്റവുമധികം പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതിവേഗത്തിൽ ഓടുന്ന വന്ദേഭാരത് തീവണ്ടികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ റെയിൽവെ സുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. വന്ദേഭാരത് തീവണ്ടികൾ മണിക്കൂറിൽ 110 നും 130 നും കിലോമീറ്ററിനിടെ വേഗത്തിലോടുന്ന മേഖലകളിലെ അപകടസാധ്യതയുള്ള ഭാഗങ്ങളിലും മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേഗത്തിലോടുന്ന എല്ലാ ഭാഗങ്ങളിലും തീവണ്ടിപ്പാളത്തിന് ഇരുവശത്തും സുരക്ഷാവേലി സ്ഥാപിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
2023 നവംബർ വരെ റെയിൽവെ ട്രാക്കുകളിൽ വിവിധ വസ്തുക്കൾവച്ച് സാമൂഹ്യവിരുദ്ധർ തടസം സൃഷ്ടിച്ച നാല് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റെയിൽവെ മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സുരക്ഷാവേലി സ്ഥാപിക്കുന്നതിന് പുറമെ മറ്റ് നിരവധി നടപടിക്രമങ്ങൾ റെയിൽവെ സംരക്ഷണ സേനയും സാങ്കേതിക വിഭാഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും റെയിൽവെ മന്ത്രി പാർലമെന്റിനെ അറിയിച്ചു.