ലഖ്‌നോ: രോഗിയായ സഹോദരന്റെ ജീവൻ നിലനിർത്താൻ വൃക്ക ദാനം ചെയ്തുവെന്ന് അറിയിച്ച യുവതിയെ വാട്‌സ് ആപ് സന്ദേശം വഴി മുത്തലാഖ് ചൊല്ലി ഭർത്താവ്. യുവാവ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ യു.പിയിലെ ബെയ് രിയാഹി ഗ്രാമത്തിലാണ് കഴിയുന്നത്.

രോഗിയായ സഹോദരന് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്യുമ്പോൾ വലിയൊരു സദ്കർമമായാണ് യുവതി കണ്ടത്. അത് തന്റെ വിവാഹജീവിതത്തെ ബാധിക്കുമെന്ന് ഒരിക്കലും കരുതിയില്ല. വാട്‌സ് ആപ് സന്ദേശം വഴിയാണ് യുവതി ഇക്കാര്യം ഭർത്താവിനെ അറിയിച്ചത്. ഉടൻ തന്നെ ഭർത്താവ് മൊഴിയും ചൊല്ലി.

യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യയിൽ 2019 മുതൽ മുത്തലാഖ് നിരോധിച്ചതാണ്. നിയമം ലംഘിച്ച് മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിക്കും. അത്തരം കേസുകളിൽമുൻകൂർ ജാമ്യവും ലഭിക്കില്ല.