- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മനുഷ്യക്കടത്ത് റാക്കറ്റിന് കൈമാറാൻ പദ്ധതിയിട്ടു; എട്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ; കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വഴിയരികിൽ നിന്നും; പ്രതിയുടെ വീട് അടിച്ചുതകർത്ത് നാട്ടുകാർ

ചെന്നൈ: തമിഴ്‌നാട്ടിലെ ഗുമ്മിഡിപൂണ്ടിയിൽ എട്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയരികിൽ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഗുമ്മിഡിപൂണ്ടി പല്ലവാട സ്വദേശിയായ രേഖയെയാണ് പൊലീസ് പിടികൂടിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തുന്ന റാക്കറ്റിന് കൈമാറാനായാണ് പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം.
ശനിയാഴ്ചയാണ് എട്ടുവയസ്സുകാരനെ യുവതി തട്ടിക്കൊണ്ടുപോയത്. കുട്ടിയെ ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റിന് കൈമാറാനായിരുന്നു പദ്ധതി. എന്നാൽ, യുവതി കുട്ടിയെ പിന്നീട് കൊലപ്പെടുത്തിയെന്നും മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്. ടാഡ-കാലഹസ്തി റോഡിൽനിന്ന് തിങ്കളാഴ്ചയാണ് എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ രേഖയുടെ മൊബൈൽഫോൺ വിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. മൊബൈൽഫോൺ വിളികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ റാക്കറ്റിനെ സംബന്ധിച്ചുള്ള കൂടുതൽസൂചനകൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
അതേസമയം, കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ രേഖ അറസ്റ്റിലായതിന് പിന്നാലെ നാട്ടുകാർ പ്രതിയുടെ വീട് അടിച്ചുതകർത്തു. ബുധനാഴ്ചയാണ് യുവതിയുടെ വീടിന് നേരേ നാട്ടുകാരുടെ ആക്രമണമുണ്ടായത്. സ്ത്രീകളടക്കമുള്ള നാട്ടുകാർ രോഷാകുലരായി ഇരച്ചെത്തുകയും വീടും വീട്ടുപകരണങ്ങളും അടിച്ചുതകർക്കുകയുമായിരുന്നു. പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
രേഖയുടെ ഭർത്താവും കുട്ടിയും ഏറെനാളായി ആന്ധ്രാപ്രദേശിലാണ് താമസിക്കുന്നത്. റിമാൻഡ് ചെയ്ത പ്രതിയെ ഏഴുദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.


