ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇതുവരെ ഭീകരരുടെ ആക്രമണത്തിൽ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഭീകരർക്കായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. ഇന്നലെ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ രണ്ടു സൈനികർ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതിർത്തികളിൽ ഉൾപ്പെടെ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. സംഭവത്തെതുടർന്ന് മേഖലയിലേക്ക് കൂടുതൽ സൈനികർ എത്തിയിട്ടുണ്ട്. ഭീകരർക്കായി തെരച്ചിൽ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെ രജൗരി - പൂഞ്ച് ജില്ലകളുടെ അതിർത്തിമേഖലയിലുൾപ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്. സൈനികർ സഞ്ചരിച്ച ജിപ്‌സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്.

ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിൾസിന്റെ ആസ്ഥാനത്തുനിന്നും ദേര കി ഗലിയിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും ചേർന്ന് നടത്തുന്ന ഭീകരർക്കായുള്ള തെരച്ചിലിൽ പങ്കുചേരാൻ പോവുകയായിരുന്നു സൈനിക സംഘം. സൈന്യം ഉടൻ തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ഒരു ഭീകരന് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.