- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രിസ്മസ് അവധിക്ക് ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ; അറിയിപ്പ് വരും മുൻപ് ടിക്കറ്റുകൾ തീർന്നു: ഔദ്യോഗിക അറിയിപ്പ് വരുന്നതിനു മുമ്പ് ബുക്കിങ് ആരംഭിക്കുന്നതിൽ ദുരൂഹത

ചെന്നൈ: ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടി സർവീസുകളെക്കുറിച്ച് അറിയിപ്പ് വന്നപ്പോഴേക്കും ഇവയിലെ ടിക്കറ്റ് തീർന്നു. ക്രിസ്മസ് അവധിയോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകളിലാണ് അറിയിപ്പ് വരും മുന്നേ ടിക്കറ്റുകളെല്ലാം വിറ്റു തീർന്നത്. ഔദ്യോഗികമായി അറിയിപ്പ് വരുന്നതിനുമുമ്പ് ബുക്കിങ് ആരംഭിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്.
വെള്ളിയാഴ്ച പുറപ്പെട്ട എഗ്മോർ-കൊല്ലം പ്രത്യേക വണ്ടിയുടെ (06127/06128) അറിയിപ്പ് പുറത്തിറക്കിയത് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു. എന്നാൽ, വ്യാഴാഴ്ച രാവിലെ ഒമ്പതോടെത്തന്നെ ടിക്കറ്റ് തീർന്നിരുന്നു. വെള്ളിയാഴ്ച പ്രഖ്യാപിച്ച താംബരം-കൊല്ലം(06119/06120), താംബരം-മംഗളൂരു(06129/06130) പ്രത്യേക വണ്ടികളിലും റിസർവേഷൻ തീർന്നതിനുശേഷമാണ് അറിയിപ്പ് വന്നത്.
റെയിൽവേയുടെ അറിയിപ്പു വരും മുന്നേ ഏജൻസികൾ വഴി ബുക്കിങ് നടക്കുകയാണ്. സാധാരണയാത്രക്കാർ വിവരമറിയുന്നതിനുമുമ്പ് ഏജൻസികളിൽ ബുക്കിങ് നടക്കുന്നുവെന്നും ഇവർക്ക് മുൻകൂട്ടി വിവരം ലഭിക്കുന്നുവെന്നുമാണ് സംശയം. ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച താംബരം-കൊല്ലം വണ്ടിയുടെ (06119) അറിയിപ്പുണ്ടായത് ആദ്യ സർവീസ് പുറപ്പെടുന്നതിന് 24 മണിക്കൂർപോലും ബാക്കിയില്ലാത്തപ്പോഴായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുമെന്ന അറിയിപ്പുണ്ടായത് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നോടെയാണ്. അപ്പോഴേക്കും ടിക്കറ്റുകൾ തീർന്നു.
ഉത്സവകാലങ്ങളിൽ പ്രത്യേക തീവണ്ടികൾക്കായി യാത്രക്കാർ കാത്തിരിക്കും. എന്നാൽ, യഥാസമയം അറിയിപ്പ് ലഭിക്കാത്തതിനാൽ ഈ സർവീസുകൾകൊണ്ട് സാധാരണയാത്രക്കാർക്ക് പ്രയോജനമുണ്ടാകുന്നില്ല. റിസർവേഷൻ ആരംഭിക്കുന്നതിന് ഒരുദിവസം മുമ്പെങ്കിലും അറിയിപ്പു നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

