ചണ്ഡീഗഢ്: മാനി മജ്‌റ പ്രദേശത്തെ പാർക്കിൽ കളിച്ചുകൊണ്ടിരിക്കവെ, തെരുവുനായയുടെ ആക്രമണത്തിനിടെ പത്ത് വയസുകാരി മരിച്ചത് ഹൃദയാഘാതത്താലെന്ന് റിപ്പോർട്ട്. നായയുടെ ആക്രമണത്തിൽ ഭയന്നു പോയ പെൺകുട്ടിക്ക് സൈലന്റ് അറ്റാക്ക് സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ വീടിനു സമീപത്താണ് പാർക്ക്. കുട്ടിയെ കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജസ്മീത് എന്നാണ് കുട്ടിയുടെ പേര്. വതിക പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. നായ കുരച്ചു കൊണ്ട് തന്റെ നേർക്കടുത്തത് കണ്ട് കുട്ടി ഭയചകിതയായി എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഡിസംബർ 16ന് നടന്നസംഭവമാണ് ഇപ്പോൾ പുറത്തുവന്നത്.

സ്‌കൂളിൽ നിന്ന് വന്നശേഷം കുട്ടി പാർക്കിൽ കളിക്കാൻ പോയതാണെന്ന് ജസ്മീതിന്റെ കുടുംബം അറിയിച്ചു. കളിച്ചുകൊണ്ടിരിക്കെ തെരുവുനായ അവളുടെ നേർക്ക് വന്ന് കാലിൽ പിടികൂടി. തുടർന്ന് അത്യന്തം ഭയന്നുപോയ പെൺകുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഈ പ്രദേശത്ത് തെരുവുനായ ശല്യം വർധിക്കുകയാണെന്ന് കാണിച്ച് പരാതി നൽകിയിട്ടും അധികൃതർ കണ്ണടക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.