ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കർണാടക സർക്കാർ പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുവരെ അത്തരത്തിലുള്ള യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുൻബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധങ്ങളുയർന്നിരുന്നു.

ഹിജാബ് ധരിക്കാൻ താത്പര്യമുള്ളവർക്ക് അതാകാമെന്ന് മൈസൂരു സർവകലാശാലയിൽ നടന്ന ഒരു പരിപാടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. തുടർന്ന് ഹിജാബ് ധരിക്കുന്നതിലെ നിരോധനം പിൻവലിച്ചെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ കർണാടക സർക്കാർ അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

''ഹിജാബ് അനുവദിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരാൾ എന്നോട് ഒരു ചോദ്യം ചോദിച്ചു. അതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്. നിരോധനം അവസാനിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. പക്ഷേ, സർക്കാർ ഉദ്യോഗസ്ഥരുമായി ആദ്യം ഇക്കാര്യം ചർച്ചചെയ്യും. '' സിദ്ധരാമയ്യ വ്യക്തമാക്കി.

അധികാരത്തിലെത്തിയാൽ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് തിരഞ്ഞെടുപ്പു കാലത്തു തന്നെ കോൺഗ്രസിൽ ചർച്ചകളുണ്ടായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ പോലും ജനങ്ങളെ ബിജെപി ഭിന്നിപ്പിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.