ന്യൂഡൽഹി: ലൈംഗികമായി പീഡിപ്പിച്ച 25-കാരനെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. തങ്ങളിൽ ഒരാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് 25-കാരനെ കൊലപ്പെടുത്തിയത്. ഹസ്രത്ത് നിസാമുദ്ദീൻ സ്വദേശി ആസാദാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രദേശവാസിയായ ആസാദിനെ കൊലപ്പെടുത്തിയെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി.

16 വയസ്സ് പ്രായമുള്ള രണ്ട് പേരും 17-കാരനായ ഒരാളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. തങ്ങളിൽ ഒരാളെ ആസാദ് പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിക്കാനും സംഘം ശ്രമിച്ചു. കൊലപാതകത്തിനും ആസാദിനെ മർദിക്കാനുമായി പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.

ഖുസ്രോ പാർക്കിൽ മൃതദേഹമുണ്ടെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി, ഡി.സി.പി രാജേഷ് ദിയോ വ്യക്തമാക്കി.