ചെന്നൈ: കാഞ്ചീപുരത്തുകൊലക്കേസ് പ്രതികളായ രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. രഘുവരൻ, കറുപ്പു ഹസ്സൻ എന്നിവരെയാണ് കാഞ്ചീപുരം റെയിൽവേ പാലത്തിനു സമീപം വെടിവച്ചു കൊലപ്പെടുത്തിയത്. പൊലീസിനു നേരെ ആക്രമണമുണ്ടായപ്പോഴാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്.

ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭാകരൻ എന്ന കുപ്രസിദ്ധ ഗുണ്ടയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുവരെയും പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. തകർന്ന ഒരു ബഹുനില കെട്ടിടത്തിൽ ഒളിച്ചു താമസിച്ചിരുന്ന ഇവരെ പിടികൂടാൻ എത്തിയപ്പോൾ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ നോക്കിയെന്നും അതിനിടെയാണ് വെടിയുതിർത്തതെന്നുമാണ് പൊലീസ് ഭാഷ്യം. ആക്രമണത്തിൽ പരുക്കേറ്റ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം പ്രഭാകരൻ എന്ന ഗുണ്ടയെ പട്ടാപ്പകൽ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരാണ് കൊല്ലപ്പെട്ടത്. പ്രതികൾ ഒരു റെയിൽവേ പാലത്തിന് അടിയിൽ ഉള്ളതായി പുലർച്ചെ പൊലീസിന് വിവരം ലഭിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെയെത്തി. പൊലീസ് വളഞ്ഞപ്പോൾ പ്രതികൾ വടിവാൾ ഉപയോഗിച്ച് വെട്ടി. പ്രാണരക്ഷാർത്ഥം വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെടിയേറ്റ രണ്ടുപേരും തൽക്ഷണം മരിച്ചു.