ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതോടെ ആഗ്ര - ലഖ്നൗ എക്സപ്രസ് വേയിൽ വാഹനാപകടം. വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പന്ത്രണ്ടിലധികം പേർക്ക് പരിക്കേറ്റു. യു.പിയിലെ ഉന്നാവിലാണ് അപകടം നടന്നത്. കാഴ്ച മറയ്ക്കുന്ന തരത്തിൽ മൂടൽ മഞ്ഞ് മൂടിയതാണ് അപകടത്തിലേക്ക് നയിച്ചത്. നിരവധി കാറുകളും ബസും കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് സമാനമായ നിരവധി അപകടങ്ങളാണ് ഉത്തർപ്രദേശിലാകെ റിപ്പോർട്ട് ചെയ്തത്. ബറേലിയിൽ അമിതവേഗതയിലെത്തിയ ട്രക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. ആഗ്രയിൽ രണ്ടു ട്രക്കുകൾ കൂട്ടിയിടിക്കുകയും ചെയ്തു.

വാഹനഗതാഗതത്തെയാകെ ബാധിക്കുന്ന രീതിയിൽ മൂടൽമഞ്ഞ് കാഴ്ചമറയ്ക്കുന്ന സാഹചര്യമാണ് ഡൽഹിയിലും. മഞ്ഞിനെ തുടർന്ന് ദൃശ്യത ഗണ്യമായി കുറഞ്ഞതോടെ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഞ്ഞ് റെയിൽവെ-വ്യോമ ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. ഡൽഹിയിലേക്കുള്ള ഇരുപത്തിയഞ്ച് ട്രെയിനുകൾ വൈകിയതായി ഉത്തര റെയിൽവേ അറിയിച്ചു. ഡൽഹി വിമാനത്താവളത്തിന്റെ സമീപപ്രദേശങ്ങളിൽ രേഖപ്പെടുത്തിയ ദൃശ്യത 125 മീറ്ററാണ്. അതേസമയം സഫ്ദർജങ്ങിൽ ദൃശ്യത 50 മീറ്ററായി താഴ്ന്നു.