ബെംഗളൂരു: എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും നെയിംപ്ലേറ്റ് കന്നഡയിൽ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കർണാടകയിൽ പ്രതിഷേധം തുടരുന്നു. കന്നട രക്ഷ വേദികെ എന്ന സംഘടനയാണ് പ്രതിഷേധം വ്യാപകമാക്കിയത്.

വ്യാപാരസ്ഥാപനങ്ങൾ ബോർഡുകൾ കന്നഡയിലാക്കണമെന്ന് ബൃഹത് ബെംഗളൂരും മഹാനഗര പാലികെ(ബിബിഎംപി) നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധം. ഇംഗ്ലീഷ് ഉൾപ്പടെയുള്ള ഭാഷകളിൽ സ്ഥാപിച്ച നെയിം പ്ലേറ്റുകളും സൈൻബോർഡുകളുമുൾപ്പടെയുള്ളവ പ്രതിഷേധക്കാർ അടിച്ചുതകർത്തു.

ബോർഡുകൾ കന്നഡയിലാക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം എന്ന് ബിബിഎംപി കമ്മീഷണർ തുഷാർ ഗിരിനാഥ് വ്യക്തമാക്കി. നഗരത്തിലെ എല്ലാ റെസ്റ്ററന്റുകളും മാളുകളുമുൾപ്പടെയുള്ള സ്ഥാപനങ്ങൾ 2024 ഫെബ്രുവരിയോടെ ബോർഡുകളുടെ ഉള്ളടക്കം അറുപത് ശതമാനമെങ്കിലും കന്നഡ ഭാഷയിലേക്ക് മാറ്റണമെന്നാണ് നിർദ്ദേശം. അല്ലാത്ത പക്ഷം കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.