ചെന്നൈ: തമിഴ്‌നാട്ടിലെ എണ്ണൂരിൽ അമോണിയ വാതക ചോർച്ച. കൊറോമൻഡൽ എന്ന സ്വകാര്യ കമ്പനി സ്ഥാപിച്ച പൈപ്പുകളിൽ നിന്നാണ് വാതകം ചോർന്നത്. അമോണിയ ശ്വസിച്ച മുപ്പതിലധികം പ്രദേശവാസികൾ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേർ തീവ്രപരിചരണ വിഭാഗത്തിൽ ആണുള്ളത്. വളം നിർമ്മാണ കമ്പനിയിലെ ചെന്നൈ എണ്ണൂരിലെ യൂണിറ്റിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് ലീക്കുണ്ടായത്.

രാത്രി പതിനൊന്നേ മുക്കാലോടെയുണ്ടായ ഗ്യാസ് ലീക്കിന് പിന്നാലെ പ്രദേശത്ത് ആകെ ദുർഗന്ധം വമിച്ചു. പെരിയ കുപ്പം മേഖലയിലെ താമസക്കാരെയാണ് ഗ്യാസ് ലീക്ക് സാരമായി ബാധിച്ചത്. തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട 25 ൽ അധികം ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമോണിയ ലീക്കുണ്ടായതിന് പിന്നാലെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചതായാണ് കമ്പനി ബുധനാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

കടലിനടിയിലെ പൈപ്പ് ലൈനിനുള്ളിലെ മർദ്ദം കുറഞ്ഞതാണ് പൊട്ടി ചോർച്ചയുണ്ടാവാൻ കാരണമെന്നാണ് കണ്ടെത്തൽ. പൈപ്പ് ലൈൻ പ്രീ-കൂളിങ് ഓപ്പറേഷൻ സമയത്താണ് ചോർച്ച സംഭവിച്ചത്. രൂക്ഷമായ ദുർഗന്ധവും പ്രദേശത്ത് അനുഭവപ്പെട്ടു.

പെരിയകുപ്പം, എന്നൂർ പ്രദേശങ്ങളിലെ നാട്ടുകാർക്ക് ശ്വാസതടസ്സവും, ചർമ്മത്തിൽ പൊള്ളലും കണ്ടതോടെയാണ് വാതക ചോർച്ച ശ്രദ്ധയിൽ പെട്ടത്. ഇതിന് പുറമേ ചിന്നക്കുപ്പം, ഇരണവൂർ, നേട്ടുക്കൂപ്പം നിവാസികളും സമാന പരാതി അറിയിച്ചിരുന്നു. തുടർന്ന് പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി പ്രദേശവാസികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി.

ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതോടെ നിരവധി പേരെ സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. രാത്രിയിൽ തന്നെ വാതക ചോർച്ച നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും ഭയക്കേണ്ട കാര്യമില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരുടേയും ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് കമ്പനി അധികൃതർ വിശദമാക്കി. ഗ്യാസ് ലീക്കിന് ഉണ്ടായതിന് പിന്നാലെ ആളുകൾ വീടിന് പുറത്തും റോഡിലുമായി തടിച്ച് കൂടിയിരുന്നു. ലീക്ക് തടഞ്ഞതായും പ്രദേശവാസികൾക്ക് വീടുകളിലേക്ക് മടങ്ങാമെന്നും പൊലീസ് വിശദമാക്കിയിട്ടുണ്ട്. അതേസമയം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ് അടച്ചിടുമെന്ന് സംസ്ഥാനത്തെ പരിസ്ഥിതി മന്ത്രി മെയ്യനാഥൻ ശിവ വിശദമാക്കിയിട്ടുണ്ട്.

അമോണിയം ചോർച്ച ഉണ്ടായതായി തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പും സ്ഥിരീകരിച്ചു. രാത്രി രണ്ട് മണിയോടെ അമോണിയം നീരാവി ഫ്ലെയർ വഴി തിരിച്ച് വിട്ട് 20 മിനിറ്റിൽ പ്രശ്നം പരിഹരിച്ചെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. അതേസമയം വ്യാവസായിക ദുരന്ത മേഖലയായി എണ്ണൂരിനെ പ്രഖ്യാപിക്കണമെന്നും ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.