ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യു.എഫ്.ഐ) ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ഭൂപീന്ദർ സിങ് ബ്വാജയാണ് സമിതിയുടെ അധ്യക്ഷൻ. എം.എം. സോമയ, മഞ്ജുഷ കൻവാർ എന്നിവർ അംഗങ്ങളാണ്. ഫെഡറേഷന്റെ പ്രവർത്തനത്തിനായി താത്കാലിക സമിതിയെ ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷൻ നിയമിക്കുകയായിരുന്നു.

പുതിയ ഭരണസമിതിയെ പിരിച്ചുവിട്ടതിനു പിന്നാലെ ഫെഡറേഷന്റെ ചുമതല നിർവഹിക്കുന്നതിന് അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് കേന്ദ്ര കായിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. പുതിയ സമിതിയുടെ നിയമനം ഫെഡറേഷനിൽ വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തുന്നതിനാണെന്ന് ഐഒഎ അറിയിച്ചു.

സത്യസന്ധതയും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്താൻ പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ചതായി ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിങ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ രംഗത്തുവന്നിരുന്നു.

ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മാലിക് ഗുസ്തിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബജ്‌റങ് പൂനിയ, വിരേന്ദർ സിങ് എന്നിവർ പത്മശ്രീ പുരസ്‌കാരം മടക്കിനൽകുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം പിരിച്ചുവിട്ടത്. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് ഫെഡറേഷനെ പിരിച്ചുവിടുന്നത്.

നേരത്തേ, ബ്രിജ് ഭൂഷൺ അധ്യക്ഷനായിരുന്ന സമയത്തും ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അന്ന് മേരി കോം ആയിരുന്നു സമിതിയുടെ അധ്യക്ഷ.

ഫെഡറേഷന്റെ മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാർഡുകൾ തിരികെ നൽകുമെന്ന് ഗുസ്തി താരങ്ങൾ ഭീഷണി മുഴക്കിയിരുന്നു. അവാർഡുകൾ തിരികെ നൽകാനുള്ള തീരുമാനം പ്രധാനമന്ത്രിക്ക് കത്തിലൂടെയാണ് വിനേഷ് ഫോഗട്ട് അറിയിച്ചു. ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകുന്നുവെന്ന് കത്തിൽ പറഞ്ഞത്.