ബംഗളൂരു: റോഡരികിൽ കളിച്ചു കൊണ്ടിരുന്ന രണ്ട് വയസ്സുകാരന് കാർ ഇടിച്ച് ദാരുണാന്ത്യം. ഹരോഗേരി സ്വദേശികളായ സതീഷ് പാട്ടീലിന്റെയും സംഗീതയുടെയും മകൻ ബസവചേതൻ (രണ്ട് വയസ്) ആണ് മരിച്ചത്. കർണാടകയിലെ ബിദറിലെ ഹരോഗേരിക്ക് സമീപം ഗുരുപാദപ്പ നാഗമരപള്ളി ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

റോഡരികിൽ തനിയെ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടെ പ്രധാന റോഡിൽ നിന്ന് തിരിഞ്ഞെത്തിയ ഇന്നോവ കാർ കുഞ്ഞിനെ ഇടിച്ച് മുന്നോട്ടുപോവുകയായിരുന്നു. കുഞ്ഞിനെ ഇടിച്ച ശേഷം ഇന്നോവ നിർത്താതെ മുന്നോട്ട് പോകുന്നത് സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. നിലവിളി കേട്ട് കുഞ്ഞിന്റെ രക്ഷിതാക്കളും നാട്ടുകാരും ഓടിയെത്തി, ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ഉടമയ്ക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി ഗാന്ധിഗഞ്ച് പൊലീസ് അറിയിച്ചു.