വിജയവാഡ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. വ്യാഴാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു പാർട്ടി പ്രവേശനം. മുഖ്യമന്ത്രിക്കൊപ്പം ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയും റായിഡുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

'പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയും ചടങ്ങിൽ പങ്കെടുത്തു,' വൈഎസ്ആർസിപി ട്വീറ്റ് ചെയ്തു.

അമ്പാട്ടി റായുഡു ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രാപ്രദേശിനെയും ഹൈദരാബാദിനെയും പ്രതിനിധീകരിച്ച് പാഡണഞ്ഞിട്ടുണ്ട്. 2023 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് ശേഷം എല്ലാത്തരം ക്രിക്കറ്റിൽ നിന്നും റായുഡു വിരമിച്ചിരുന്നു.

ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം കിരീടം നേടിയാണ് അദ്ദേഹം ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളോടും വിടപറഞ്ഞത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിൽ സജീവമാകാൻ റായിഡു ഒരുങ്ങുന്നുവെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയ റായിഡുവിന് ധാരാളം ആരാധകരുണ്ട്. ഇതാണ് വലിയ നേട്ടമായി മാറുമെന്ന് വൈഎസ്ആർ കോൺഗ്രസ് കരുതുന്നത്. ടിഡിപിയുടെ പ്രവർത്തകനായിരുന്നു റായിഡുവിന്റെ മുത്തച്ഛൻ.

റായിഡുവിന്റെ സമുദായം തന്നെയാണ് ആന്ധ്ര രാഷ്ട്രീയത്തിൽ നിർണായകമാകുക. കാപ് വിഭാഗത്തിൽ നിന്നുള്ള പ്രമുഖനാണ് അദ്ദേഹം. ഗുണ്ടൂരിൽ നിന്ന് റായിഡുവിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനാണ് വൈഎസ്ആർ കോൺഗ്രസ് പദ്ധതിയിടുന്നതെന്ന് സൂചനയുണ്ട്.