കൊല്ലം: ഈറോഡ് - തിരുനെൽവേലി എക്സ്‌പ്രസ് ചെങ്കോട്ട വരെ നീട്ടാൻ തീരുമാനം. ട്രെയിൻ നമ്പർ 16845/16886 എക്സ്‌പ്രസ് ചെങ്കോട്ട വരെ നീട്ടാൻ റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. ഇതു സംബന്ധിച്ച് റെയിൽവേ ബോർഡിന്റെ ഉത്തരവ് പുറത്തിറങ്ങി. നീട്ടിയ റൂട്ടിൽ ചേരൻ മഹാദേവി, അംബാസമുദ്രം, കിലക്കാഡിയം, പാവൂർ സത്രം എന്നിവയാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകൾ. തിരുച്ചിറപ്പള്ളിയിലായിരിക്കും ഈ വണ്ടികളുടെ പ്രാഥമിക അറ്റകുറ്റപ്പണികൾ നടത്തുക.

സർവീസ് നീട്ടിയത് എന്നു മുതൽ പ്രാവർത്തികമാകും എന്ന് ഉത്തരവിൽ വ്യക്തമാക്കിയില്ല. ഏറ്റവും വേഗം സൗകര്യപ്രദമായ ദിവസം മുതൽ ചെങ്കോട്ടയ്ക്ക് സർവീസ് ആരംഭിക്കണമെന്നാണ് റെയിൽവേ ബോർഡ് ജോയിന്റ് ഡയറക്ടറുടെ ( കോച്ചിങ്) നിർദേശത്തിൽ പറയുന്നത്.

അതേസമയം ഹൈദരാബാദ് - തിരുവനന്തപുരം എക്സ്‌പ്രസിന്റെ സമയം മാറ്റാനും റെയിൽവേ തീരുമാനിച്ച് ഉത്തരവിറങ്ങി. ഈ സമയമാറ്റം തീർത്തും അശാസ്ത്രീയമാണെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഹൈദരാബാദിൽ നിന്ന് ഉച്ചയ്ക്ക് 12.20 ന് പുറപ്പെടുന്ന ശബരി പിറ്റേ ദിവസം വൈകുന്നേരം 6.20 ന് തിരുവനന്തപുരത്ത് എത്തുന്നതാണ് നിലവിലെ സമയക്രമം.

എന്നാൽ ജനുവരി ഒന്നു മുതൽ ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ട്രെയിൻ തിരുവനന്തപുരത്ത് 15 മിനിട്ട് നേരത്തേ 6.05ന് എത്തും. ട്രെയിൻ കേരളത്തിൽ എത്തുമ്പോൾ മുതലാണ് സമയത്തിൽ വലിയ മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തേ തൃശൂരിൽ രാവിലെ 11.32ന് എത്തി 11.35ന് പുറപ്പെടുമായിരുന്നു. ജനുവരി ഒന്നു മുതൽ 10.32 ന് എത്തി 10.35 ന് പുറപ്പെടും.

എറണാകുളത്ത് നേരത്തേ 12.55 ന് എത്തി ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ടിരുന്നത് ഇനി മുതൽ 11.55ന് എത്തി 12-ന് പുറപ്പെടും. കോട്ടയത്ത് ഉച്ചയ്ക്ക് 1.10 ന് എത്തി 1.13 ന് പുറപ്പെട്ടിരുന്ന വണ്ടി ഇനി 1.07 ന് എത്തി 1.10 ന് പുറപ്പെടും.വണ്ടി നേരത്തേ കായംകുളത്ത് 3.18ന് എത്തി 3.20 ന് പുറപ്പെട്ടിരുന്നത് പുതിയ സമയമാറ്റ പ്രകാരം 2.38 ന് എത്തി 2.40 ന് പുറപ്പെടും.

കൊല്ലത്ത് 4.47 ന് എത്തി 4.50 ന് പുറപ്പെടുന്നതാണ് പഴയ സമയക്രമം. ഇത് 4.02ന് എത്തി 4.05ന് പുറപ്പെടുന്ന രീതിയിലേക്ക് മാറ്റി. 4.05 ന് കൊല്ലത്ത് നിന്ന് വിടുന്ന വണ്ടി പുതിയ മാറ്റം അനുസരിച്ച് തിരുവനന്തപുരത്ത് എത്താൻ റെയിൽവേ അനുവദിച്ചിരിക്കുന്നത് രണ്ട് മണിക്കൂർ. ഒരു മണിക്കൂർ പോലും ആവശ്യമില്ലാത്ത റൂട്ടിലാണ് അശാസ്ത്രീയമായി ഇരട്ടി സമയം കൊടുത്തിരിക്കുന്നത്.

ഇതേ അശാസ്ത്രീയത കായംകുളം - കൊല്ലം റൂട്ടിലെ സമയ ക്രമത്തിലുമുണ്ട്. കായംകുളത്ത് നിന്ന് കൊല്ലത്ത് എത്താൻ വേണ്ട സമയം 45 മിനിട്ടാണ്. എന്നാൽ ഇപ്പോൾ പുതുതായി നൽകിയിരിക്കുന്നത് ഒന്നര മണിക്കൂറാണ്.