- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാതാവിനൊപ്പം ഫുട്പാത്തിലൂടെ നടന്നു പോകവെ അപകടം; അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; മാർച്ചിൽ വിവാഹം നടക്കാനിരിക്കെ 22കാരിക്ക് ദാരുണാന്ത്യം
മംഗളൂരു: മാതാവിനൊപ്പം ഫുട്പാത്തിലൂടെ നടന്നു പോകവെ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് 22കാരിക്ക് ദാരുണാന്ത്യം. 28ന് രാത്രി എട്ടുമണിയോടെ കൈക്കമ്പയ്ക്ക് സമീപം പച്ചിൻനട്ക ബി.സി റോഡിലാണ് അപകടമുണ്ടായത്. അന്തരിച്ച പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഭാസ്‌കർ ആചാര്യയുടെ മകൾ ചൈത്രയാണ് മരിച്ചത്. മാർച്ച് മൂന്നിന് വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ മരണം.
മംഗളൂരുവിലെ ഒരു സ്വകാര്യ തുണിക്കടയിലെ ജീവനക്കാരിയാണ് ചൈത്ര. സുഹൃത്തിന്റെ വിവാഹ സംബന്ധ ചടങ്ങിൽ പങ്കെടുക്കാൻ മാതാവിനൊപ്പം പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ കാർ ചൈത്രയെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതര പരുക്കേറ്റ ചൈത്രയെ ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് എഎസ്‌ഐ സുരേഷും ഹെഡ് കോൺസ്റ്റബിൾ രമേശും ചേർന്നാണ് ചൈത്രയെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
ചൈത്രയെ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ വീടിന്റെ മതിലിലും വൈദ്യുത തൂണിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടം നടന്ന ഉടൻ തന്നെ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരും സ്ഥലത്ത് നിന്ന് മല്ലൂർ ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മെൽക്കർ ട്രാഫിക് പൊലീസ് അറിയിച്ചു. വാഹനത്തിന്റെ ഉടമയ്ക്ക് വേണ്ടിയും കാറിലുണ്ടായിരുന്നവർക്ക് വേണ്ടിയും അന്വേഷണം തുടരുകയാണ്. കാറിലുണ്ടായിരുന്നവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന പ്രദേശവാസികളുടെ പരാതിയിലും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.