മംഗളൂരു: ഉഡുപ്പി കാർക്കളയിൽ യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി മർദ്ദിച്ച് പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം സിറ്റി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് യുവതിയെ നിരന്തരം പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തയാളെ നാട്ടുകാർ പിടികൂടിയത്. പ്രണയാഭ്യർത്ഥന നിരസിച്ചിട്ടും നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.

ഇരവത്തൂർ സ്വദേശിയായ ജഗദീഷ് പൂജാരി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നാട്ടുകാരെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ ജഗദീഷിനെ ചിലർ മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

നഗരത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെയാണ് ജഗദീഷ് ശല്യം ചെയ്തത്. യുവതിയെ തടഞ്ഞു നിർത്തി കൈയിൽ പിടിക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ ഇടപെട്ടത്. ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ജഗദീഷ് യുവതിയെ പിന്തുടർന്നെത്തിയത്. മുൻപ് ജഗദീഷ് തന്നോട് പ്രണയാഭ്യർത്ഥ നടത്തിയിരുന്നെന്നും അതിൽ താൻ എതിർപ്പ് അറിയിച്ചിരുന്നെന്നും യുവതി പറഞ്ഞു.

താൽപര്യമില്ലെന്ന് പറഞ്ഞിട്ടും ജഗദീഷ് പിന്തുടർന്ന് ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ജഗദീഷിനെതിരെ മുൻപും സമാന പരാതികൾ ലഭിച്ചിരുന്നെന്നും കാർക്കള സിറ്റി പൊലീസ് അറിയിച്ചു.