കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മതവികാരം ദുരുപയോഗം ചെയ്യലാണെന്ന് വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ടീയത്തിൽ നിന്നും ഭരണക്കൂടത്തിൽനിന്നും മതത്തെ വേർപ്പെടുത്തുന്നതാണ് മതേതരത്വമെന്ന് ഭരണഘടനയിൽ കൃത്യമായി നിർവചിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമായ മതത്തിന്റെ പ്രത്യക്ഷമായ രാഷ്ട്രീയവൽക്കരണമാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനമെന്നും അദ്ദേഹം വിമർശിച്ചു.

'യുപി മുഖ്യമന്ത്രിയുടെയും മറ്റ് ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവരുടെയും സാന്നിധ്യത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ചടങ്ങിൽ ഉദ്ഘാടനം നിർവഹിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഇവിടെ ആളുകളുടെ മതവികാരം ദുരുപയോഗം ചെയ്യുന്നതായാണ് നമുക്ക് തോന്നുന്നത്. ഭരണഘടനയുമായോ സുപ്രീംകോടതി വിധികളുമായോ ഉചിതമല്ലാത്ത മതത്തിന്റെ തുറന്ന രാഷ്ട്രീയവൽക്കരണമാണിത്', അദ്ദേഹം പറഞ്ഞു.

ഈ രാഷ്ട്രീയവത്കരണത്തെ നേരിടാനുള്ള തന്ത്രം മതേതരത്വത്തെ കർക്കശമായി പാലിക്കുക എന്നതാണെന്നും യെച്ചൂരി പറഞ്ഞു. മൃദു ഹിന്ദുത്വമെന്നും മൃദുകാവി സമീപനമെന്നും പറഞ്ഞ് ഹിന്ദുത്വ കുറ്റങ്ങളുടെ മതമൗലികവാദത്തിനെതിരെ പൊരുതാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനുവരി 22നാണ് രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി 6000ത്തോളം ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.