- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു; നിരവധി നഗരങ്ങളിൽ സീറോ വിസിബിലിറ്റി: ട്രെയിൻ വിമാന സർവീസുകൾ താളം തെറ്റി

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മൂടൽമഞ്ഞ് കനത്തത്. ജനുവരി നാല് വരെ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മൂടൽ മഞ്ഞു മൂലം ഉത്തരേന്ത്യൻ നഗരങ്ങളിൽ കാഴ്ചപരിധി കുറഞ്ഞു. നിരവധി നഗരങ്ങളിൽ സീറോ വിസിബിലിറ്റിയാണ്.
അസമിലെ ജോർഹാട്ട്, പഞ്ചാബിലെ പത്താൻകോട്ട്, ബാത്തിനഡ, ജമ്മുകശ്മീരിലെ ജമ്മു, യു.പിയിലെ ആഗ്ര എന്നിവിടങ്ങളിൽ സീറോ വിസിബിലിറ്റിയാണ്. ഹരിയാനയിലെ അംബാലയിൽ 25 മീറ്റർ മാത്രമാണ് കാഴ്ചപരിധി. രാജസ്ഥാനിലെ ബിക്കാനീർ, പഞ്ചാബിലെ പട്യാല, ഛണ്ഡിഗഢ്, മധ്യപ്രദേശിലെ ഗ്വാളിയോർ, യു.പിയിലെ ഝാൻസി എന്നിവിടങ്ങളിൽ 50 മീറ്ററാണ് കാഴ്ചപരിധിയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കാഴ്ചപരിധി കുറഞ്ഞതോടെ നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്. വിമാനസർവീസുകളേയും മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കാഴ്ചപരിധി 600 മീറ്ററായി കുറഞ്ഞു. ഇത് 800 മീറ്ററിലേക്ക് മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ. അടുത്ത ദിവസങ്ങളിൽ പല ഉത്തരേന്ത്യൻ നഗരങ്ങളിലും കുറഞ്ഞ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയായി കുറയുമെന്നും പ്രവചനമുണ്ട്.

