ന്യൂഡൽഹി: കശ്മീരിലെ വിഘടനവാദ സംഘടനയായ തെഹ്രീക് ഇ ഹുറീയത്തിനെ യു.എ.പി.എ. നിയമപ്രകാരം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംഘടനയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്താനും ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറമെ ജമ്മുകശ്മീരിൽ ഭീകരവാദപ്രവർത്തനങ്ങളും നടത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതെങ്കിലും തരത്തിൽ ഏതെങ്കിലും വ്യക്തിയോ സംഘടനയോ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാൽ അവരുടെ പ്രവർത്തനങ്ങളെ നേരിടുമെന്നും അമിത് ഷാ കുട്ടിച്ചേർത്തു.

മുസ്ലിം ലീഗ് ജമ്മുകശ്മീർ (മസ്റത്ത് ആലം വിഭാഗം) എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ നിരോധിച്ചിരുന്നു. അഞ്ചുവർഷത്തേക്കായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. പിന്നാലെയാണ് തെഹ്രീക് ഇ ഹുറീയത്തിനും നിരോധനം.