ലഖ്‌നൗ: ഉത്തർപ്രദേശിൽ ക്രിക്കറ്റ് മത്സരം കളിച്ച് വന്നയുടൻ കുപ്പിയിൽ നിന്ന് തണുത്തവെള്ളം കുടിച്ചതോടെ ആരോഗ്യനില വഷളായി അബോധാവസ്ഥയിലായ 17കാരൻ മരിച്ചു. ഉത്തർപ്രദേശിലെ അൽമോറ ജില്ലയിലുള്ള ഹസ്‌നാപൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥി പ്രിൻസ് സെയ്‌നി ആണ് മരിച്ചത്. ശനിയാഴ്ചയാണ് നാടിനെയൊന്നാകെ കണ്ണീരിലാഴ്‌ത്തിയ സംഭവം നടന്നത്.

ശനിയാഴ്ച ഉച്ചയോടെ, നഗരത്തിലെ സൊഹാർക്ക റോഡിലുള്ള ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് മത്സരം കളിക്കുകയായിരുന്നു പ്രിൻസ്. കളിക്കിടെ ദാഹം തോന്നിയ പ്രിൻസ് കുപ്പിയിൽ ഉണ്ടായിരുന്ന തണുത്തവെള്ളം കുടിച്ചു. ഇതിനുപിന്നാലെ അബോധാവസ്ഥയിലായ പ്രിൻസിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി.

വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ പ്രിൻസിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അതേസമയം, 17കാരന്റെ മരണ കാരണം ഹൃദയാഘാതമാണെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ രക്ഷിതാക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സവിതാ ദേവി ആണ് പ്രിൻസിന്റെ അമ്മ. ലക്കി, മുസ്‌കാൻ എന്നിവരാണ് സഹോദരങ്ങൾ.

ഹൃദയാഘാത സാധ്യത, അല്ലെങ്കിൽ ഹൃദയസംബന്ധമായ മറ്റ് പ്രശ്‌നങ്ങളുള്ളവരിൽ ചില ലക്ഷണങ്ങൾ പുറമേക്ക് കാണാറുണ്ടെങ്കിലും പലരും ഇത് ശ്രദ്ധിക്കാതെ പോകുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡ് 19 വന്ന ചെറുപ്പക്കാരിൽ ഹൃദയവുമായി ബന്ധപ്പെച്ച ഇത്തരം പ്രശ്‌നങ്ങൾ കൂടുതലായി കാണിക്കുന്നുണ്ടെന്നും ഡോക്ടർമാർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.