മാർത്താണ്ഡം: കന്യാകുമാരി ജില്ലയിലെ പമ്മത്ത് സ്വർണ്ണക്കടയിൽ ദീർഘനാളായി നടന്നുവന്ന കവർച്ചയിൽ ജീവനക്കാരായ മൂന്ന് പേർ പിടിയിൽ. അരുമനയ്ക്ക് സമീപം കൊക്കഞ്ചി സ്വദേശി അനീഷ് (29), പമ്മം ചാനൽക്കരവിള സ്വദേശി ഷാജിനി (28), മണലിവിള സ്വദേശി അഭിഷ (25) എന്നിവരെയാണ് മാർത്താണ്ഡം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്നും 54 പവൻ ആഭരണങ്ങളും ആറ് കിലോ വെള്ളി ഉല്പന്നങ്ങളും കണ്ടെടുത്തു. മൂന്ന് പേരെയും കുഴിത്തുറ കോടതിയിൽ ഹാജരാക്കി. ഇവരെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അനീഷ് വില്പന വിഭാഗത്തിലും സ്ത്രീകൾ കമ്പ്യൂട്ടർ വിഭാഗത്തിലുമാണ് ജോലി നോക്കിയിരുന്നത്. ഇക്കഴിഞ്ഞ 28ന് ജൂവലറി ഉടമ നടത്തിയ പരിശോധനയിൽ ജൂവലറിയിൽ ആഭരണങ്ങൾ കുറയുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ സി.സി.ടി.വി പരിശോധനയിൽ ജീവനക്കാരനായ അനീഷ് ആണ് മോഷണത്തിന് പിന്നിൽ എന്ന് മനസ്സിലായി.

മാർത്താണ്ഡം പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനീഷിനെ ചോദ്യംചെയ്തപ്പോഴാണ് കഴിഞ്ഞ ഒരു വർഷമായി കുറച്ച് കുറച്ചായി മോഷണം നടത്തിയത് അറിയാൻ കഴിഞ്ഞത്. ഓഡിറ്റ് സമയത്ത് സ്റ്റോക്കിൽ വ്യത്യാസം വരാതെ കമ്പ്യൂട്ടറിൽ വേണ്ട കാര്യങ്ങൾ ചെയ്തുകൊടുത്തത് ജീവനക്കാരായ രണ്ട് സ്ത്രീകളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. 12 വർഷമായി അനീഷ് ഈ സ്ഥാപനത്തിൽ ജോലി നോക്കി വരികയായിരുന്നു.